Local Self-Government Department with a unique identification number for all buildings

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും ഇൻഫര്‍മേഷൻ കേരള മിഷന്‍റെ നേതൃത്വത്തിൽ 14 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (unique building number) ഏര്‍പ്പെടുത്തും. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകുന്നതോടെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും ഫലപ്രദവുമായ നടപടിക്രമങ്ങൾ വഴി എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും.

നഗര-ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചയ സോഫ്റ്റ് വയർ വഴിയാണ് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത്. വാര്‍ഡ് നമ്പര്‍, ഡോര്‍ നമ്പര്‍, സബ് നമ്പര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പര്‍. വീടുകള്‍ക്ക് നമ്പര്‍ ഇടുന്ന സമയത്ത് തന്നെ യൂണീക് ബില്‍ഡിംഗ് നമ്പറും സഞ്ചയ സോഫ്റ്റ് വെയറില്‍ സൃഷ്ടിക്കും. വസ്തുനികുതിയുടെ ഡിമാൻഡ് രജിസ്റ്റര്‍ തയ്യാറാക്കുമ്പോളും, ഡിമാൻഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനൊപ്പവും, കെട്ടിട നികുതി അടയ്ക്കുമ്പോളുമെല്ലാം സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.