ഏപ്രിൽ 9 വരെ കെട്ടിട നിർമ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമ്മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക.
വാർഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫീസുകളിലും മാർച്ച് മാസത്തിൽ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ചില ഓഫീസുകളിൽ അപേക്ഷകൾ മാർച്ച് മാസം അവസാനം സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ നിരവധി പേർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് നിർദേശം നൽകിയത്. സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമ്മിറ്റുകൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന പെർമ്മിറ്റ് ഫീസ് പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. എന്നാൽ ഏപ്രിൽ 10ന് മുൻപ് ലഭിച്ച അപേക്ഷകളിൽ പെർമ്മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/സ്ക്രൂട്ട്നി ഫീസ്/ക്രമവത്കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് വ്യക്തമാക്കാനാണ് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.