ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാനും സഹായകരമാകും വിധമാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘടന നിര്‍മിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വകുപ്പ് തലത്തിൽ ഏകോപനം നടത്തുന്ന ജീവനക്കാരും വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു കിടന്ന അവസ്ഥ അവസാനിക്കുകയാണ്.
പ്രാദേശിക വികസനത്തിലും ആസൂത്രണത്തിലും ദുരന്തനിവാരണം, മാലിന്യസംസ്കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കേണ്ട ജീവനക്കാര്‍ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെ കഴിയുന്ന രീതി ഇതോടെ അവസാനിക്കും. ജനകേന്ദ്രീകൃതമായ യോജിച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.
സംസ്ഥാന തലത്തില്‍ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തില്‍ ഒരു മേധാവിയും ആണ് ഉണ്ടാവുക. വകുപ്പ് അധ്യക്ഷനും ജില്ലാ മേധാവിക്കും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ക്ക് മുകളില്‍ ഒരധികാരവുമില്ല. ഓരോ സ്ഥാപനത്തിനും കൂടുതല്‍ മെച്ചപ്പെട്ട വിധത്തില്‍ ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നതിനുള്ള പൊതുസര്‍വീസാണ് യാഥാർത്ഥ്യമാകുന്നത്. അതേസമയം, നിലവിൽ വിവിധ വകുപ്പുകളിലായി പ്രവർത്തിച്ചുവരുന്ന അവസാനത്തെ ജീവനക്കാരനും നിലവിൽ ലഭിച്ചുവരുന്ന പ്രമോഷൻ ഉൾപ്പെടെ സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഫയലുകളില്‍ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ച് നടപടി വേഗത്തിലാക്കും. സര്‍ക്കാരിന്റെ നയപരമായ തീരുമാനവും സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകള്‍ ഒഴികെ ബാക്കിയെല്ലാത്തിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമാണ് ഉണ്ടാവുക.
വിവിധ കേന്ദ്രാവിഷ്കൃത – സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റാനും വികസനം ഉറപ്പിക്കാനും കഴിയും. ഇതിലൂടെ വികേന്ദ്രീകരണ ഭരണ നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാവും.
വിവിധ വിഭാഗങ്ങളെ സംയോജിപ്പിക്കുമ്പോള്‍ സന്തുലിതാവസ്ഥ ഉറപ്പ് വരുത്താൻ തസ്തികകളുടെ അപ്ഗ്രഡേഷന് നടത്തിയിട്ടുണ്ട്. ഏഴ് ജോയിന്റ് ഡയറക്ടര്‍മാരെ ജില്ലാ മേധാവികളാക്കുന്നതിന് പുതിയ തസ്തികകളായി സൃഷ്ടിച്ചിട്ടുമുണ്ട്. പുതിയ തസ്തികകളുടെയും അപ്ഗ്രഡേഷന്റെയും ആനുകൂല്യം താഴെയുള്ള ജീവനക്കാര്‍ക്ക് വരെ ലഭിക്കും.
ഗ്രാമ- ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള ജീവനക്കാരെ പരസ്പരം മാറ്റിയിരുത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുന്നു എന്നത് വലിയ മാറ്റമാണ്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മാറി മാറി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതോടെ ജീവനക്കാരുടെ കാര്യശേഷി കൂടുതൽ മെച്ചപ്പെടും. പഞ്ചായത്തുകളിലും ബ്ലോക്കിലും നഗരസഭകളിലുമുള്ള ജീവനക്കാര്‍ ഒരേ വകുപ്പില്‍ നിന്നുമുള്ളവരാകുന്നതോടെ ഇവരെ ആവശ്യമായ ഇടങ്ങളില്‍ മാറ്റി നിയമിക്കാൻ കഴിയും. ദുരന്ത സാഹചര്യങ്ങളിലും മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുമെല്ലാം ഇത് സഹായകമാവും. ജീവനക്കാരുടെ കുറവ് പരിഹരിക്കുവാനുള്ള സാധ്യതകൾ ഏകീകരണത്തിലൂടെ രൂപപ്പെടും. ഈ-ഗവേണന്‍സ് (e-Governance) വിപുലമായി നടപ്പാക്കുന്നതോടെ ജോലിഭാരം കുറയുകയും ചെയ്യും.