നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഓരോ പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന രേഖയാണ് ജലബജറ്റ്. വേനൽക്കാല ജലലഭ്യത വർധിപ്പിച്ച് സംഭരണം ഉറപ്പാക്കാനും കൂടുതൽ പ്രദേശത്ത് കൃഷി ആരംഭിക്കാനും ഇത് ഉപകരിക്കും. ഓരോ പ്രദേശത്തും പുഴകൾ, തോടുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന ജലത്തിന്റെയും മഴയിൽ കിട്ടുന്ന ജലത്തിന്റെയും കണക്ക് ശേഖരിക്കും. തുടർന്ന്, എത്ര മാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിർത്താൻ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കിൽ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടർ നടപടികളുണ്ടാകും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് തയാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ആദ്യഘട്ടത്തിൽ, തിരഞ്ഞെടുത്ത 14 ബ്ലോക്കുകളിലെ 87 പഞ്ചായത്തുകളിൽ ജലബജറ്റിനായുള്ള വിവരശേഖരണം 17-ന് ആരംഭിക്കും. ഇത് ക്രോഡീകരിച്ച്, ലോക ജലദിനമായ മാർച്ച് 22-ന് പ്രസിദ്ധീകരിക്കും. മറ്റു പഞ്ചായത്തുകളിലെ ജലബജറ്റുകൾ തുടർമാസങ്ങളിൽ പൂർത്തിയാക്കും.