the file adhalat is continuing

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്ത് തുടരുന്നു

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയല്‍ അദാലത്തുകള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും തുടരും. ജൂലൈ 31 നകം സേവനം നല്‍കേണ്ട ഫയലുകള്‍ തീര്‍പ്പാക്കാതെ ബാക്കിയുണ്ടെങ്കില്‍, അദാലത്തില്‍ ഉള്‍പ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. എല്ലാ ഓഫീസിലും ഫയല്‍ അദാലത്ത് സംഘാടനത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആഗസ്റ്റ് 21, സെപ്റ്റംബര്‍ 18 എന്നീ അവധി ദിവസങ്ങളില്‍ ജോലിക്കെത്തി ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കല്‍ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും പ്രയത്നിക്കണം.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ ആഗസ്റ്റ് 28നകം തീര്‍പ്പാക്കണം. ഇതിനായി ആഗസ്റ്റ് 20 മുതല്‍ 25 വരെ അദാലത്തുകള്‍ നടത്തണം. ആവശ്യമെങ്കില്‍ അപേക്ഷകരെയും അദാലത്തില്‍ പങ്കെടുപ്പിക്കണം. ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 5നകം തീര്‍പ്പാക്കും. തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ സെപ്റ്റംബര്‍ 20നകമാണ് തീര്‍പ്പാക്കേണ്ടത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളില്‍ ചട്ടം 20(3) പ്രകാരമുള്ള ഇളവ് 20% വരെ നല്‍കാൻ അദാലത്ത് സമിതികള്‍ക്ക് അധികാരമുണ്ട്. വിജ്ഞാപനം ചെയ്ത റോഡുകള്‍ക്ക് മാത്രമേ മൂന്ന് മീറ്റര്‍ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.

തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ പ്രസിഡന്‍റ്, ചെയര്‍പേഴ്സൻ, മേയര്‍ എന്നിവര്‍ അദാലത്ത് സമിതി ചെയര്‍മാനും സെക്രട്ടറി കൺവീനറുമായിരിക്കും. ഭരണസമിതി വെസ് പ്രസിഡന്‍റ്/ചെയര്‍പേഴ്സൻ, ഡെപ്യൂട്ടി മേയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായിരിക്കും. ജില്ലാ തലത്തില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ചെയര്‍മാനും എല്‍എസ്ജിഡി ജോ. ഡയറക്ടര്‍ സമിതി കൺവീനറുമായിരിക്കും. സംസ്ഥാന തലത്തില്‍ ചെയര്‍മാൻ പ്രിൻസിപ്പല്‍ ഡയറക്ടറാണ്. അര്‍ബൻ ഡയറക്ടറും റൂറല്‍ ഡയറക്ടറും കൺവീനര്‍മാരുമാണ്. അദാലത്ത് സമിതികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ പ്രാബല്യമുണ്ട്. ഫയല്‍ തീര്‍പ്പാക്കലിന്‍റെ ഭാഗമായി ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995ഫയലുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ തീര്‍പ്പാക്കിയിരുന്നു.