തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ ഗ്രേഡിംഗ് വരുന്നു

ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യും. ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തന ഘടകങ്ങളെയാകും ഗ്രേഡിംഗിനായി വിലയിരുത്തുക. ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ രൂപപ്പെടുന്ന ജൈവ-അജൈവ മാലിന്യത്തിന്‍റെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ്, മാലിന്യങ്ങളുടെ കൈകാര്യം ചെയ്യല്‍, മാലിന്യ സംസ്കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കായാണ് വിലയിരുത്തല്‍. പൊതുശൗചാലയങ്ങളുടെ ശുചിത്വാവസ്ഥയും പരിശോധിക്കും.

പരിശോധനാ സംഘങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം നേരിട്ട് സന്ദര്‍ശിച്ചാകും മാര്‍ക്ക് ഇടുന്നത്. ഇവര്‍ക്ക് ഇതിനായി കില മുഖേന പരിശീലനം നല്‍കും. 70%ത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും ഗ്രീൻ കാറ്റഗറിയും, 70%ത്തിനും 50% ത്തിനും ഇടയിലുള്ളവര്‍ക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും, 50%ത്തിനും 20%ത്തിനും ഇടയിലുള്ളവര്‍ക്ക് സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നല്‍കും. 20%ത്തില്‍ താഴെ നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നല്‍കുന്നത്.