കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിൽ എല്ലാ വില്ലേജുകളെയും ഒ ഡി എഫ് പ്ലസ് പദവിയിൽ എത്തിച്ചു കേരളം. കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പിൻറെ വിലയിരുത്തൽ മാനദണ്ഡമനുസരിച്ച ഓരോ ഗ്രാമങ്ങളെയും അവയുടെ ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പ്രക്രിയയിൽ ആണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളും ഒ.ഡി.എഫ് പ്ലസ് പദവി നേടിയത്. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതൽ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കേരളം കൂടാതെ കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങൾക്കും ഒ ഡി എഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപിച്ചതിനാലാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. 2016 ൽ കേരളം കൈവരിച്ച സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത പദവി ( ODF ) എന്ന നേട്ടത്തിന്റെ അടുത്ത പടിയായി ഗ്രാമങ്ങളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൂടുതലായി ഒരുക്കുന്ന സൗകര്യങ്ങൾ ആണ് ഒ.ഡി.എഫ് പ്ലസ് നേടുന്നതിനായി വിലയിരുത്തപ്പെടുന്നത്. ഖര ദ്രവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഗ്രാമതലങ്ങളിൽ മികച്ച ഇടപെടൽ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ ഡി എഫ് പ്ലസിന്റെ ലക്ഷ്യം. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും വ്യക്തിഗത ശുചിമുറി നിർമ്മാണം, പൊതു ശൗചാലയ നിർമ്മാണം, പൊതു ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികൾ സ്ഥാപിക്കൽ, പൊതു ദ്രവ മാലിന്യ സംസ്കരണ ഉപാധികൾ, വിവിധ വിവര വിജ്ഞാന പ്രവത്തനങ്ങൾ എന്നിവയാണു പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കിയത്.
നിലവിൽ സംസ്ഥാനത്തെ 1509 ഗ്രാമങ്ങളിൽ 491എണ്ണം ആസ്പയറിങ് വിഭാഗത്തിലും 48 എണ്ണം റൈസിംഗ് വിഭാഗത്തിലും 970 എണ്ണം മോഡൽ വിഭാത്തിലുമാണ് ഓ. ഡി എഫ് പ്ലസ് പദവി ലഭിച്ചത് . ശതമാന കണക്കിൽ നിലവിൽ ഏറ്റവും അധികം മോഡൽ വില്ലേജുകൾ ഉള്ള സംസ്ഥാനവും കേരളമാണ്. 2023 ഡിസംബറിന് മുൻപായി മുഴുവൻ വില്ലേജുകൾക്കും ഒ ഡി എഫ് പ്ലസ് മോഡൽ പദവി നേടി ഈ പദവി നേടുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ആക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നത്. ഇതിനായി ഗ്രാമങ്ങളെ വെളിയിട വിസർജ്ജന രഹിതമാക്കി തുടർന്നു കൊണ്ട് പോവുന്നതോടൊപ്പം എല്ലാ വില്ലേജുകളിലും ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതു ശൗചാലയം, വിദ്യാലയങ്ങൾ, അംഗൻ വാടികൾ, ഗ്രാമ പഞ്ചായത്ത് ആസ്ഥാനം, പൊതുസ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ശുചി മുറികൾ, പൊതു ഇടങ്ങളിൽ മലിന ജലം കെട്ടി നിൽക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം, കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം, ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം, അജൈവ മാലിന്യ ശേഖരണ- സംസ്‌ക്കരണ സംവിധാനം, ഹരിത കർമ്മ സേന സേവനം, ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോർഡുകൾ എന്ന് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു സമ്പൂർണ്ണ ഒ ഡി എഫ് പ്ലസ് മോഡൽ പദവി നേടുന്നതിനുള്ള തയാറെടുപ്പുകൾ വളരെ വേഗം സംസ്ഥാനത്തു പുരോഗമിക്കുന്നു