Important decisions of the Adalam

കോർപ്പറേഷൻ തല അദാലത്ത്: 474 പരാതികൾ തീർപ്പാക്കി

തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്തിൽ ആകെ ലഭിച്ച 521 പരാതികളിൽ 474 എണ്ണം പരാതിക്കാർക്ക് അനുകൂലമായി തീർപ്പാക്കി. 90.97% പരാതികളാണ് ആകെ പരിഹരിച്ചത്.

അദാലത്തിലെ പ്രധാന തീരുമാനങ്ങൾ

1. കോർപ്പറേഷൻ/മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും കെ മണിയമ്മയുടേയും പരാതി തീർപ്പാക്കിക്കൊണ്ടാണ് നിർണായക നിർദ്ദേശം മന്ത്രി നൽകിയത്. വലിയ പ്ലോട്ടുകൾക്ക് 2 മീറ്ററും, 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെഎംബിആർ 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് അദാലത്തിൽ തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമ്മിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.

ഓട്ടോറിക്ഷ തൊഴിലാളിയായ നാഗരാജന്റെ വീടിന് യു എ നമ്പറാണ് ലഭിച്ചത് എന്നതിനാൽ വലിയ നികുതി വരുന്നുവെന്നും ഈ നികുതി കുറയ്ക്കണമെന്നുമുളള ആവശ്യവുമായാണ് നാഗരാജനും മണിയമ്മയുമെത്തിയത്. ഒന്നരസെന്റിലാണ് ഓട്ടോ റിക്ഷ തൊഴിലാളിയായി നാഗരാജൻ 86.54 ച. മീറ്റർ വിസ്തീർണത്തിലുള്ള വീട് നിർമ്മിച്ചത്. മുന്നിലുള്ള റോഡിൽ നിന്ന് ആവശ്യത്തിന് അകലം പാലിച്ചില്ലെന്നതിനാൽ യു എ നമ്പർ ആണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇതിനാൽ പ്രതിവർഷം 5948 രൂപയായിരുന്നു നികുതി. ഇതിന് പുറമെ ലോൺ എടുക്കാനും തടസങ്ങളുണ്ടായിരുന്നു. ചട്ട ഭേദഗതിക്ക് ശേഷം ഇവരുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.

2. രോഗശയ്യയിലായ രാജന് അദാലത്തിൽ വീട്ടുനമ്പറിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവ് സ്വദേശി രാജന് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചെങ്കിലും വീട്ടുനമ്പർ ലഭിക്കാൻ തടസ്സം നേരിടുകയായിരുന്നു. ‘കെ എം ബി ആർ പ്രകാരം തെരുവിൻ്റെ നിർവചനത്തിൽ ഒന്നിലധികം വീടുകളിലേക്കുള്ള വഴികളാണുൾപ്പെടുന്നതെന്നും എന്നാൽ 23 (2) ൻ്റെ പ്രൊവിസോയിൽ ഒന്നോ ഒന്നിലധികമോയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഈ വ്യത്യാസം ഒഴിവാക്കി ഭേദഗതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്’. വീട് വച്ച സമയം അംഗപരിമിതനായ രാജന് പോകുന്നതിനും വരുന്നതിനും വീൽചെയർ റാമ്പ് നിർമ്മിച്ചതോടെവഴിയിൽ നിന്നുള്ള വീടിൻ്റെ അകലം 1.35 മീറ്ററായി. ഇതോടെ കെട്ടിട നിർമ്മാണ നിയമ പ്രകാരം വഴിയിൽനിന്ന് ഒന്നര മീറ്റർ മാറി വീട് നിർമ്മിക്കണമെന്നുള്ള നിയമം മൂലം വീട്ടുനമ്പർ ലഭിക്കുന്നതിന് തടസ്സമുണ്ടായി. തുടർന്ന് രാജൻ മന്ത്രിയുടെ അദാലത്തിൽ നൽകിയ പരാതിയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. വീട്ടുനമ്പർ ലഭിച്ചതോടെ അംഗപരിമിതനായ രാജന് വേണ്ടി അദാലത്തിൽ പങ്കെടുത്ത അമ്മ ജഗദമ്മയും സഹോദരൻ അനിയും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

3. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി റോസമ്മ തദ്ദേശ അദാലത്തിനെത്തിയത്, സ്ഥലത്തിന്റെ ആധാരം തിരികെ ലഭിക്കണമെന്ന ആവശ്യവുമായട്ടായിരുന്നു. ലൈഫ്-പിഎംഎവൈ പദ്ധതി പ്രകാരം രണ്ട് ഗഡു തുകയായി 1,50,000 രൂപ റോസമ്മയ്ക്ക് ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ നിർമ്മാണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ 2019ലെ ഓഖി ദുരന്തത്തിൽ ഈ നിർമ്മാണം തിരയിൽപ്പെടുകയും ഭാഗീകമായി തകരുകയുമായിരുന്നു. ഇതിനാൽ തന്നെ ഇവിടെ തുടർ നിർമ്മാണം നടത്താനും വീട് പൂർത്തിയാക്കാനും റോസമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. സർക്കാർ ഭവന നിർമ്മാണ സഹായം നൽകിയിട്ടും, വീട് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ 9% പലിശയോടെ തുക തിരിച്ചടയ്ക്കണമെന്നാണ് നിയമം. ഇക്കാരണത്താൽ നഗരസഭയുടെ കൈവശമുള്ള വീടിന്റെ രേഖകൾ തിരികെ ലഭിച്ചില്ല. റോസമ്മയുടെ പരാതി മന്ത്രി വിശദമായി പരിശോധിച്ചു. സാമ്പത്തികമായി വളരെ ദുർബലാവസ്ഥയിലുള്ള റോസമ്മയെ ഈ ബാധ്യത വലിയ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് അദാലത്ത് വിലയിരുത്തി. ഇവർക്ക് നിർമ്മാണ യോഗ്യമായ മറ്റ് ഭൂമിയില്ല. ഓഖി ദുരന്തത്തിലാണ് നിർമ്മിച്ചുകൊണ്ടിരുന്ന വീട് തകർന്നത് എന്നതും പരിഗണിച്ച് ഇളവ് നൽകാൻ നിർദേശിച്ചു. റോസമ്മയുടെ സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാൻ മന്ത്രി നഗരസഭയ്ക്ക് നിർദേശം നൽകി.

4. സങ്കേതിക തടസങ്ങൾ നീക്കി ബീമാപ്പള്ളി സ്വദേശി സെയ്ദത്ത് നിസയ്ക്ക് ലൈഫ്-പിഎംഎവൈ പദ്ധതിയുടെ നാലാം ഗഡു ഉടൻ അനുവദിക്കാൻ നിർദേശം നൽകി. ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ചാൽ നിലവിൽ താമസിക്കുന്ന വീട് പൂർണമായി പൊളിച്ചുകളഞ്ഞ് നിർമ്മാണം നടത്തണമെന്നാണ് നിയമം. വീട് നിർമ്മിക്കുന്ന സമയത്ത് മറ്റൊരിടത്ത് വാടകയ്ക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ, നിലവിലുള്ള വീടിന്റെ ഒരു മുറിയിൽ താമസിച്ചുകൊണ്ട് നിർമ്മാണം നടത്തുകയും, കെട്ടിടം പൂർത്തിയാകുന്ന സമയത്ത് ഈ മുറി പൊളിച്ചുമാറ്റുമെന്നുമുള്ള വ്യവസ്ഥയിലാണ് നഗരസഭ ധനസഹായം നൽകിയത്. വാസയോഗ്യമല്ലാതിരുന്ന പഴയ വീടിന്റെ 100 ച. ഫീറ്റിൽ താഴെയുള്ള ഒരു മുറി പൊളിക്കാതെ വെച്ചത്. എന്നാൽ ഈ മുറികൂടി ഉൾപ്പെടുത്തിയാണ് പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതുൾപ്പെടെയുള്ള കംപ്ലീഷൻ പ്ലാനാണ് നഗരസഭയിൽ സമർപ്പിച്ചത്. ഇതോടെ ലൈഫ്-പിഎംഎവൈ പദ്ധതിയുടെ അവസാന ഗഡു മുടങ്ങി. നഗരസഭാ കൌൺസിൽ തീരുമാനപ്രകാരം മുൻപ് ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

തദ്ദേശ അദാലത്തിൽ സെയ്ദത്ത് നിസയുടെ പരാതി മന്ത്രി വിശദമായി കേട്ടു. സാമ്പത്തിക ബുദ്ധിമുട്ടും അറിവില്ലായ്മയും മൂലമാണ് ഈ പിഴവ് പറ്റിയതെന്ന് അദാലത്തിന് ബോധ്യപ്പെട്ടു. നിർമ്മിച്ച പുതിയ വീട് 77 ച. മീറ്റർ മാത്രം വിസ്തീർണമുള്ളതാണ്, ഇതിനൊപ്പമാണ് 100 ച. അടിയിൽ താഴെയുള്ള ഒരു മുറിയുമുള്ളത്. ഈ മുറി കൂടി ഉൾപ്പെടുത്തിയാണ് നിർമ്മാണം എന്നതിനാൽ, ഇത് ഇടിച്ചുമാറ്റുക പ്രായോഗികമല്ല എന്നും അദാലത്ത് വിലയിരുത്തി. ഇത് ഭവന വിപുലീകരണമായി കണക്കാക്കാതെ ലൈഫ്- പിഎംഎവൈ പദ്ധതിയുടെ നാലാം ഗഡു അനുവദിക്കാൻ നിർദേശിച്ചു.

5. വീട് നിർമ്മിക്കുന്നതിനായി കോർപ്പറേഷൻ സഹായത്തോടെ വാങ്ങിയ ഭൂമിയിൽ ലൈഫ്- പിഎംഎവൈ വീടിന് നിർമ്മാണ പെർമിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് പേട്ട പാൽക്കുളങ്ങര സ്വദേശി ഷിബു എസ് കെ തദ്ദേശ അദാലത്തിൽ എത്തിയത്. ഇവർക്ക് ലഭിച്ച ഭൂമി നഗരസഭയുടെ പുതിയ മാസ്റ്റർപ്ലാൻ പ്രകാരം നിർമ്മാണം അനുവദിക്കാത്ത കൺസർവേറ്റീവ് സോണിൽ ആണ്. മാസ്റ്റർപ്ലാൻ വരുന്നതിനു മുൻപ് നൽകിയ പെർമിറ്റുകൾക്ക് മാത്രമേ ഇവിടെ നിർമ്മാണ അനുമതിയുള്ളൂ. ഇക്കാരണത്താലാണ് പെർമിറ്റ് നിഷേധിച്ചത്. ഷിബുവിന്റെ പരാതി മന്ത്രി വിശദമായി കേട്ടു.

മാസ്റ്റർ പ്ലാൻ കരട് പ്രസിദ്ധീകരിക്കുന്നതിനു മുൻപാണ് 2022ൽ കോർപറേഷന്റെ ധനസഹായത്തോടെ സ്ഥലം വാങ്ങിയത് എന്ന് പരിശോധനയിൽ വ്യക്തമായി. അപേക്ഷകന് മറ്റ് ഭൂമിയില്ല എന്നും മനസിലാക്കാനായി. ലൈഫ്- പി എം എ വൈ പദ്ധതി പ്രകാരമുള്ള ചെറിയ വീടാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനാൽ ഈ വിഷയത്തിൽ പ്രത്യേക പരിഗണന കൊടുത്ത് ഇളവ് നൽകാൻ മന്ത്രി നിർദേശിച്ചു. ഷിബുവിന് ഉടൻ പെർമിറ്റ് നൽകാൻ മന്ത്രി കോർപറേഷന് നിർദ്ദേശം നൽകി. മാസങ്ങളായി ശ്രമിക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ച സന്തോഷത്തിലാണ് ഷിബു തദ്ദേശ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.

6. പുഞ്ചക്കരി വാർഡ് സ്വദേശിയായ പ്രവീണ അതീവ സന്തോഷത്തിലാണ് ജിമ്മിജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും പുറത്തേക്കെത്തിയത്. അപൂർവ ജനിതകരോഗ ബാധിതയായ മകൾ ഉൾപ്പെടെ രണ്ട് പെൺമക്കളും ഓട്ടോറിക്ഷാ തൊഴിലാളിയായ ഭർത്താവുമടങ്ങുന്ന തന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന ആശ്വാസത്തിലാണ് പ്രവീണ ഇപ്പോൾ.

ലൈഫ് പി.എം.എ.വൈ പദ്ധതി പ്രകാരം മൂന്ന് സെന്റ് വസ്തുവിൽ വീട് വെക്കുന്നതിന് നാല് ലക്ഷം രൂപ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് അനുവദിച്ചിരുന്നു. മൊസേക് ടർണർ സിൻഡ്രോം എന്ന ജനിതകരോഗ ബാധിതയാണ് പ്രവീണയുടെ ഇളയമകൾ. സാമ്പത്തിക ബുദ്ധിമുട്ടിനെതുടർന്നും രോഗബാധിതയായ മകളുള്ളതിനാലും നിലവിലെ വീട് പൊളിച്ചുമാറ്റി പുതിയ വീട് വെക്കുകയെന്നത് സാധ്യമല്ലാത്തതിനാൽ, കെട്ടിടം പൊളിച്ചുമാറ്റാതെ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള അപേക്ഷയുമായാണ് പ്രവീണ അദാലത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം മൂലം പ്രതിമാസം 90,000 രൂപയുടെ മരുന്ന് ലഭ്യമാക്കിയാണ് മകളെ ചികിത്സിക്കുന്നത്.

ലൈഫ് പി.എം.എ.വൈ പദ്ധതി പ്രകാരം പുതിയ വീട് വെയ്ക്കുന്നതിന് ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നതിനൊപ്പം വീട് പൂർത്തീകരിക്കുന്നതിനാവശ്യമായ തുക കോർപ്പറേഷന്റെ സ്വന്തം ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്തുന്നതിന് നിർദേശം നൽകി.

റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ നിയമവിരുദ്ധമായി പ്ലോട്ടുകളുടെ വിഭജനം നടത്തുന്നതിനെ തുടർന്ന് ഈ ഭൂമി വാങ്ങിയവർക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇങ്ങനെ ഭൂമി വാങ്ങിയവർക്ക് പെർമിറ്റ് കൊടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇത്തരം ഡെവലപ്പർമാരുടെ ശേഷിക്കുന്ന ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്നുള്ള കൈമാറ്റം തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടു വരും.