ദക്ഷിണ റെയിൽവേയുമായി ചേർന്ന് കണ്ടൽ പച്ചത്തുരുത്തുമായി ഹരിതകേരളം മിഷൻ
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടത്തി വരുന്ന പച്ചത്തുരുത്തുകളിൽ ഇനി കണ്ടൽ പച്ചത്തുരുത്തും. ഹരിതകേരളം മിഷനും ദക്ഷിണ റെയിൽവേയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അതതു പ്രദേശത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ തൈകളായിരിക്കും പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, വനംവകുപ്പ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം മുതൽ തിരുവനന്തപുരം ജില്ലകളിൽ 33 പഞ്ചായത്തുകളിലാണ് കണ്ടൽ പച്ചത്തുരുത്തുകൾ യാഥാർഥ്യമാകുന്നത്. ഇതിന്റെ ഭാഗമായി 14 ഏക്കർ വിസ്തൃതിയിൽ 59 കിലോമീറ്റർ ദൂരം കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കും. പദ്ധതി നടത്തിപ്പു സംബന്ധിച്ച് ഫെബ്രുവരി 15 നു തിരുവനന്തപുരത്ത് ശിൽപശാല നടത്തി.
അവിടവിടെയായി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതോടൊപ്പം കൂട്ടത്തോടെ മരങ്ങൾ നട്ടാൽ പ്രയോജനം ഏറെയാണെന്ന് നിലവിലുള്ള പച്ചത്തുരുത്തുകൾ തെളിയിക്കുന്നതായി ഇതു സംബന്ധിച്ചുള്ള അവസ്ഥാ പഠനം പറയുന്നു. എറണാകുളം ജില്ലയിൽ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഷ്ടപ്പെട്ട ഒരു ഹെക്ടറിൽ താഴെ വരുന്ന കണ്ടൽ പ്രദേശത്തിനു പകരം മറ്റ് സ്ഥലങ്ങളിൽ ഇത് പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷനുമായി ചേർന്ന് കണ്ടൽ പച്ചത്തുരുത്തുകൾക്ക് തുടക്കമിടുന്നത്. കണ്ടൽ പച്ചത്തുരുത്തുകൾ തീർക്കുന്നതിലും തൈകൾക്ക് അഞ്ചുവർഷം വരെ പരിപാലനം ഉറപ്പാക്കാനും തൊഴിലുറപ്പു പദ്ധതിയുടെ സേവനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം ലഭ്യമാക്കും.