ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമതായി എളവള്ളി
പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി എന്നിവ ചേർന്ന് നടപ്പിലാക്കിയ ഇ-മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായി എളവള്ളി. കാക്കശ്ശേരി വിദ്യ വിഹാർ സെൻട്രൽ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി.
ഗൂഗിൾ സർവ്വേയിലൂടെ കണ്ടെത്തിയ ഗ്രാമപഞ്ചായത്തിലെ 1602 പേർക്ക് ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ നൽകികൊണ്ട് മൊബൈൽ ഫോൺ, ഇൻ്റർനെറ്റ് എന്നിവ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നതിനായി പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 85 ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും കൈറ്റിന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി ക്ലാസ്സുകൾ സംഘടിപ്പിച്ചാണ് ഈ വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ പതിനാല് പഞ്ചായത്തുകളിൽ ഒന്നാണ് എളവള്ളി.
പഠിതാക്കളെ സൗകര്യപ്രദമായ ഗ്രൂപ്പുകളാക്കി തിരിച്ച് പഠനകേന്ദ്രങ്ങൾ നിശ്ചയിച്ച് 10 മണിക്കൂർ വീതം ക്ലാസ്സുകൾ നടത്തിയിരുന്നു. പഠിതാക്കളുടെ മൂല്യ നിർണ്ണയം നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.