പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നിർമ്മാണ മേഖലയിൽ പുനരുപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർമ്മാണ, പൊളിക്കൽ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും അവ നിർമ്മാണ പ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് നിർമ്മാണ മേഖലയിൽ പുന:ചംക്രമണം ചെയ്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്. ഇതിന് കാരണം സംസ്ഥാനത്ത് ഇത്തരം മാലിന്യങ്ങൾ പുന:ചംക്രമണം ചെയ്യുന്നതിനുളള സംവിധാനങ്ങളുടെ അഭാവമാണ്. ഇത് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ നഗരസഭകൾ കേന്ദ്രീകരിച്ച് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ആദ്യ ഘട്ടത്തിൽ സ്വീകരിക്കും. വലിയ നഗരങ്ങളിൽ ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകളും ചെറുനഗരങ്ങളിൽ സംഭരിക്കുന്നതിനുള്ള കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
സംസ്ഥാനത്ത് കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ മാലിന്യ പരിപാലനത്തിനായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നഗരപ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനം മുഖേനയും, മറ്റിടങ്ങളിൽ പ്രാദേശിക അടിസ്ഥാനത്തിലും പി.പി.പി മാതൃകയിൽ ശാസ്ത്രീയ കൺസ്ട്രക്ഷൻ ആന്റ് ഡെമോളിഷൻ മാലിന്യ പരിപാലന പ്ലാന്റുകൾ സ്ഥാപിക്കുക, അക്രഡിറ്റഡ് ഏജൻസികൾ, സ്വകാര്യ സംരംഭകർ (ക്വാറി, ക്രഷർ ഉടമകൾ) എന്നിവർ മുഖേന വ്യാവസായിക അടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കാനുള്ള നടപടികൾ, തദ്ദേശ സ്ഥാപനതലത്തിൽ കൃത്യമായ രീതിയിൽ ഇത്തരം മാലിന്യത്തിന്റെ സമയബന്ധിതമായ ശേഖരണം ഉറപ്പാക്കൽ/ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തൽ, സർക്കാർ-സ്വകാര്യ മേഖലയിൽ പുനചംക്രമണം ചെയ്യപ്പെട്ട ഉത്പന്നങ്ങളുടെ നിർബന്ധിത ഉപയോഗം ഉറപ്പാക്കൽ വഴി പ്രകൃതി വിഭവങ്ങളുടെ ചൂഷണം കുറയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പ്രവർത്തികമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി.