Illegal buildings whose construction has started or completed before 7th November 2019 can be regularized

സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കും. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയില്‍ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യും. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നതിനായി കേരള മുൻസിപ്പാലിറ്റി( അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കല്‍) ചട്ടവും, കേരള പഞ്ചായത്തീരാജ് (അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കല്‍) ചട്ടവും പുറപ്പെടുവിക്കും.

ചട്ടം നിലവില്‍ വരുന്നതോടെ 2019നവംബര്‍ 7ന് മുൻപ് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പിഴ ഒടുക്കി ക്രമവത്കരിക്കാൻ സാധിക്കും. പല കാരണങ്ങളാല്‍ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധിയായ കെട്ടിടങ്ങള്‍ ക്രമവത്കരിക്കാൻ സാധിക്കാതെയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും നടപടി സഹായിക്കും. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, വിജ്ഞാപിത റോഡില്‍ നിന്നും നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ക്രമവത്കരണം സാധ്യമാകും.