7.7.2025 ലെ മലയാള മനോരമയുടെ മുഖപ്രസംഗം വായിക്കുകയുണ്ടായി. തെരുവുനായ പ്രശ്നത്തിൻ്റെ പേരിൽ സർക്കാരിനെ കടിച്ചുകീറാനായി മാത്രം എഴുതിയതാണത്.പ്രശ്നത്തിന്റെ കാതലായ വശങ്ങളൊന്നും സ്പർശിക്കാത്ത, ആത്മാർഥത ഒട്ടുമില്ലാത്ത, രാഷ്ട്രീയ പ്രസംഗം മാത്രമായി അതെന്ന് പറയാതെ വയ്യ. ഒരു പ്രധാന സാമൂഹ്യ പ്രശ്നം അവതരിപ്പിക്കുമ്പോൾ പോലും ഇത്ര മാത്രം രാഷ്ട്രീയാന്ധതയോ?
തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം കേന്ദ്രസർക്കാരിന്റെ ആനിമൽ ബെർത്ത് കണ്ട്രോൾ റൂൾസ് (എബിസി ചട്ടങ്ങൾ) ആണ്. അതിനെക്കുറിച്ച് ഒരക്ഷരം മുഖപ്രസംഗത്തിൽ പരാമർശിക്കുന്നതേയില്ല! എബിസി ചട്ടപ്രകാരം വന്ധ്യംകരണം മാത്രമേ ചെയ്യാവൂ. പേപ്പട്ടിയെ കൊല്ലാൻ പോലും കേന്ദ്ര ചട്ടങ്ങൾ അനുവദിക്കുന്നില്ല. വന്ധ്യംകരിക്കണമെങ്കിലോ എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയറ്ററും സിസിടിവി ക്യാമറയും റഫ്രിജറേറ്ററും അടക്കമുള്ള അനേകം സൌകര്യങ്ങളോടുകൂടിയ എബിസി കേന്ദ്രം സ്ഥാപിക്കണം. ചുരുങ്ങിയത് 2000 സർജറിയെങ്കിലും ചെയ്ത ഡോക്ടറേ നായയെ വന്ധ്യംകരിക്കാവൂ. മാത്രമല്ല, വന്ധ്യംകരിക്കാൻ കൊണ്ടുവന്ന തെരുവുനായയെ ആറു ദിവസം ശുശ്രൂഷിച്ച് മുറിവുണങ്ങി എന്നുറപ്പാക്കിയ ശേഷം പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുപോയി വിടണം. അതായത് പത്ത് കിലോമീറ്റർ അകലെ നിന്നാണ് തെരുവുനായയെ എബിസി കേന്ദ്രത്തിലേക്ക് പിടിച്ചുകൊണ്ടുവരുന്നതെങ്കിൽ വന്ധ്യംകരിച്ച് ആറ് ദിവസം ശുശ്രൂഷിച്ച് കൃത്യം പിടിച്ച സ്ഥലത്തു കൊണ്ടുപോയി വിടണം. ഇതെല്ലാം രജിസ്റ്ററിൽ കൃത്യമായി സൂക്ഷിക്കുകയും വേണം. അപ്രായോഗികമായിട്ടുള്ള ഈ ചട്ടങ്ങളാണ് വന്ധ്യംകരണത്തെ ഏറെക്കുറെ അസാധ്യമാക്കുന്നത്. വന്ധ്യംകരണമല്ലാതെ മറ്റൊരു മാർഗവും അവലംബിക്കാൻ കേന്ദ്രചട്ടങ്ങൾ അനുവദിക്കുന്നുമില്ല. ഈ ചട്ടങ്ങളിൽ അയവു വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതും കേന്ദ്രം കേട്ട ഭാവം നടിക്കാത്തതും മുഖപ്രസംഗത്തിൽ വിഷയമല്ല.കേരളത്തിൽ നിന്നുള്ള എം പിമാർ കേന്ദ്രത്തിൽ ഈ ആവശ്യമുന്നയിച്ച് സമ്മർദ്ദം ചെലുത്തണമെന്നൊരു നിർദ്ദേശം പോലുമില്ല.എല്ലാ കുറ്റവും കേരളത്തിനെതിരെ ചാർത്തണം എന്ന ഒരേ ഒരു രാഷ്ട്രീയ അജണ്ട മാത്രം മുൻനിർത്തിയുള്ള മുഖപ്രസംഗം.
നേരത്തെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നിരവധി എബിസി കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. 2016നും 2022നുമിടയിൽ 79426 തെരുവുപട്ടികളെ അതിലൂടെ വന്ധ്യംകരിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷത്തോളം തെരുവുപട്ടികൾക്ക് വാക്സിനേഷനും നൽകി. അപ്പോഴാണ് കേന്ദ്രചട്ടങ്ങൾ പ്രകാരമുള്ള സൌകര്യങ്ങളില്ലാത്തവയാണ് എബിസി കേന്ദ്രങ്ങളെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ കേസ് നൽകുന്നതും കോടതി കുടുംബശ്രീയുടെ എബിസി കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിടുന്നതും. ഇവിടെയും വില്ലനായത് കേന്ദ്രചട്ടങ്ങൾ നിഷ്കർഷിക്കുന്ന അപ്രായോഗികമായ സൌകര്യങ്ങൾ തന്നെ.
രണ്ടാമത്തെ ഏറ്റവും വലിയ തടസം, ഈ പറയുന്ന സൌകര്യങ്ങളെല്ലാമൊരുക്കി എബിസി കേന്ദ്രം സ്ഥാപിക്കാമെന്ന് വെച്ചാലോ, പ്രാദേശികമായി ജനങ്ങൾ വലിയതോതിൽ എതിർപ്പുമായി വരും. തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗം എബിസി കേന്ദ്രങ്ങളാണ്. പക്ഷെ എബിസി കേന്ദ്രം സ്ഥാപിക്കാനൊട്ട് സമ്മതിക്കുകയുമില്ല. തലശേരി നഗരസഭയിലെ കോപ്പാലത്ത് ഏതാണ്ട് 14.34 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച എബിസി കേന്ദ്രം സമരം ചെയ്ത് പൂട്ടിച്ചു. ഈ പറയുന്ന വിലയേറിയ ഉപകരണങ്ങളും സൌകര്യങ്ങളുമെല്ലാം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും മുഖപ്രസംഗക രചയിതാക്കൾക്ക് അറിയേണ്ട കാര്യമില്ല. പട്ടികടി തടയണമെന്നുമില്ല.അവർക്ക് സർക്കാരിനെ കുറ്റപ്പെടുത്തണമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ യുള്ളൂ.
കേരളത്തിലിപ്പോൾ ഈ എതിർപ്പിനെയെല്ലാം മറികടന്ന് 15 എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്, ഇനിയൊരു 18 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തന സജ്ജമാവും. എന്നാൽ മലപ്പുറത്തും പത്തനംതിട്ടയിലും വയനാട്ടിലും ഇടുക്കിയിലും ഒരൊറ്റ എബിസി കേന്ദ്രം പോലും എതിർപ്പുമൂലം ഇതുവരെ തുടങ്ങാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി തദ്ദേശ സ്ഥാപനങ്ങൾ തെരുവുനായ നിയന്ത്രണത്തിനായി 98.93 കോടി രൂപയുടെ പദ്ധതികൾ വച്ചുവെങ്കിലും, പ്രതിഷേധവും എതിർപ്പും കാരണം ഇതിൽ 13.59 കോടി രൂപ വിനിയോഗിച്ചുള്ള പദ്ധതികൾ മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള ഏക പോംവഴി എബിസി കേന്ദ്രം മാത്രമാണെന്നും, എബിസി കേന്ദ്രം തുടങ്ങേണ്ടത് അനിവാര്യമാണെന്നും ജനങ്ങളെ ബോധവൽക്കരിക്കാൻ മുഖ പ്രസംഗം എഴുതിയവർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതെങ്ങനെ?സർക്കാരിനെ കടിച്ചുകീറാനുള്ള അവസരം മാത്രമാണല്ലോ അവർ അന്വേഷിക്കുന്നത്.
ഈ വസ്തുതകൾ പറഞ്ഞത് മലയാള മനോരമയ്ക്ക് മാനസാന്തരമുണ്ടാക്കാനല്ല.വസ്തുതകൾ അവർ കണ്ടതായി നടിക്കുക പോലുമില്ല എന്നുമറിയാം.എങ്കിലും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മുഖപ്രസംഗം ബോധ പൂർവ്വം മറച്ചു വെച്ച വസ്തുതകൾ അറിയാൻ താൽപര്യമുള്ളവർക്കായി ചൂണ്ടിക്കാട്ടി എന്ന് മാത്രം.പ്രതിബന്ധങ്ങൾക്കിടയിലും കൂടുതൽ ABC കേന്ദ്രങ്ങൾ തുടങ്ങാനുള്ള ശ്രമം തുടരും.അതു മാത്രമാണല്ലോ കേന്ദ്രം ചട്ടങ്ങൾ മാറ്റാത്തിടത്തോളം ചെയ്യാനാവുക.