'Anti-dumping' youth gathering organized at Manaveeyam Street

മാനവീയം വീഥിയിൽ ‘വലിച്ചെറിയൽ വിരുദ്ധ’ യുവസംഗമം സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാനവീയം വീഥിയിൽ വലിച്ചെറിയൽ വിരുദ്ധ യുവസംഗമം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ്, ലോയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ രണ്ടാംവർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്.

‘ഇവിടെയും എവിടെയും മാലിന്യം വലിച്ചെറിയരുത്’ എന്ന സന്ദേശമുയർത്തി ലഘുപ്രഭാഷണങ്ങൾ, ഇൻസ്റ്റലേഷൻ, ഗെയിമുകൾ, ഹരിത കർമ്മ സേനാംഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും അനുഭവ സാക്ഷ്യങ്ങൾ, ഗാനങ്ങൾ, മാജിക് ഷോ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. ലോയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ഫ്രാൻസീന പി എക്‌സും, മാനവിയം തെരുവിടം വൈസ് പ്രസിഡന്റ് ഡോ അനിഷ്യ ജയദേവ്, മാനവീയം പരിസ്ഥിതി പഠന ഗവേഷണ സമിതി കൺവീനർ ഡോ. ടി എസ് പ്രീത എന്നിവരും സംഘാടനത്തിന് നേതൃത്വം നൽകി. ക്ലാപ്പന ഷൺമുഖൻ, ജസിന്ത മോറിസ്, കല്ലയം മോഹനൻ, അഡ്വ അരുൺ വട്ടപ്പാറ എന്നിവർ പാരിസ്ഥിതിക കവിതകൾ അവതരിപ്പിച്ചു.

‘വലിച്ചെറിയൽ വിരുദ്ധ’ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനും ജനങ്ങളിൽ മാലിന്യ നിർമാർജനത്തിന്റെ പ്രാധാന്യം എത്തിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.