Improvements are needed in liquid waste management and decontamination of water bodies

ദ്രവമാലിന്യ സംസ്കരണത്തിലും ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്നതിലും പുരോഗതി വേണം

മാലിന്യമുക്ത നവകേരളം കൈവരിക്കണമെങ്കിൽ ഖരമാലിന്യ സംസ്കരണത്തിൽ മാത്രം പുരോഗതി ഉണ്ടായാൽ പോര മറിച്ച് ദ്രവമാലിന്യങ്ങൾ സംസ്കരിക്കുന്നതിലും ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്നതിലും പുരോഗതി വേണമെന്നും ജനങ്ങളെ അണിനിരത്തി ജനകീയ പങ്കാളിത്തത്തോടെ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി എം.ബി രാജേഷ്.

ജലസ്രോതസുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന’ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലക്കാട് ജില്ലയിലെ തൃത്താല ഗ്രാമപഞ്ചായത്തിലുള്ള കണ്ണനൂർ തോട് വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങളോടെയാണ് ‘ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻ്റെ മുന്നാംഘട്ടത്തിന് സംസ്ഥാനത്ത് തുടക്കമിട്ടത്. കേരളത്തെ മാതൃകാപരമാംവിധം ശുചിത്വമുള്ള സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്.