മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നവംബർ 14ന് കുട്ടികളുടെ ഹരിതസഭ നടക്കും. മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. പുതുതലമുറകളിൽ മാലിന്യ നിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. രണ്ടര ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. വിദ്യാർത്ഥി പ്രതിനിധികൾ മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും പരാതി പരിഹാര നിർദേശങ്ങളും പുതിയ ആശയങ്ങളും ഹരിതസഭയിൽ ചർച്ച ചെയ്യും.