Favorable decision in 81.88% of pre-filed applications

മുൻകൂട്ടി സമർപ്പിച്ച അപേക്ഷകളിൽ 81.88% പരാതികളിലും അനുകൂല തീരുമാനം

തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിച്ച എറണാകുളം ജില്ലാ അദാലത്തിൽ, മുൻകൂട്ടി സമർപ്പിച്ച 81.88 % പരാതികളിലും പരാതിക്കാരന് അനുകൂലമായ പരിഹാരം. മുൻകൂട്ടി സമർപ്പിച്ചതും നേരിട്ട് എത്തിയതും ഉൾപ്പെടെ ആകെ 262 പരാതികളാണ് അദാലത്തിൽ തീർപ്പാക്കിയത്. 549 പരാതികളാണ് ഓൺലൈനായി മുൻകൂട്ടി സമർപ്പിക്കപ്പെട്ടത്. ഇതിൽ 254 പേർ നേരിട്ട് ഹാജരായി. ഈ പരാതികളിൽ 208 എണ്ണവും(81.88%) പരാതിക്കാരന് അനുകൂലമായ നിലയിൽ തീർപ്പാക്കി. നിയമപരമായി ഒരു രീതിയിലും പരിഹരിക്കാനാവില്ല എന്ന് ബോധ്യപ്പെട്ട 17 പരാതികൾ (6.6%) മാത്രമാണ് നിരസിച്ചത്. കൂടുതൽ സർക്കാർ തീരുമാനങ്ങൾക്കും നയപരമായ കൂടിയാലോചനകൾക്കും വേണ്ടി 29 പരാതികൾ കൈമാറിയിട്ടുണ്ട്. ഈ പരാതികളിലും വൈകാതെ പരിഹാരമുണ്ടാവും.

നേരിട്ട് അദാലത്ത് കേന്ദ്രത്തിൽ ഇന്ന് സമർപ്പിക്കപ്പെട്ടത് 236 പരാതികളാണ്. ഇതിൽ 26 എണ്ണം ഉടൻ തന്നെ തീർപ്പാക്കിയിട്ടുണ്ട്. 11 പരാതികളിൽ താത്കാലിക തീർപ്പ് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കും, അതിനുശേഷമുള്ള തീരുമാനങ്ങൾക്കുമായി 199 പരാതികൾ കൈമാറിയിട്ടുണ്ട്. ഈ പരാതികളിലും സമയബന്ധിതമായ പരിഹാരം ഉറപ്പാക്കും.

ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി അദാലത്തിൽ പ്രഖ്യാപിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്ത് ശേഷം നിർമ്മാണം ഉപേക്ഷിച്ചാൽ, ഈടാക്കിയ അധിക എഫ് എ ആർ ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് പ്രഖ്യാപനവും അദാലത്തിലുണ്ടായി. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളവർക്ക് വീട്ടിൽ പെൻഷൻ ഉറപ്പാക്കും.