നിർമ്മാണം നടക്കാത്ത കെട്ടിടങ്ങളിലെ അധിക എഫ് എ ആർ ഫീസ് തിരിച്ചുനൽകും, കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തും
കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്ത് ശേഷം നിർമ്മാണം ഉപേക്ഷിച്ചാൽ, ഈടാക്കിയ അധിക എഫ് എ ആർ ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ചട്ടം 16 ആണ് ഭേദഗതി ചെയ്യുക. നിശ്ചയിച്ച ഫ്ലോർ ഏരിയ റേഷ്യോ പാലിക്കാൻ കഴിയാത്ത കെട്ടിടങ്ങൾക്കാണ് പ്രത്യേക ഫീസ് അടച്ച് ഇളവ് നല്കുന്നത്. ഇങ്ങനെ ഫീസ് അടയ്ക്കുകയും പിന്നീട് കെട്ടിട നിർമ്മാണം നടക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ, പരാതിയുമായി കോതമംഗലം സ്വദേശി വർക്കി എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ എത്തുകയായിരുന്നു. ആറുലക്ഷം രൂപ അധിക എഫ് എ ആർ ഫീസാണ് തിരിച്ചുനൽകാൻ മന്ത്രി ഉത്തരവിട്ടത്. വിവിധ സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടന്ന വിഷയത്തിലാണ് തദ്ദേശ അദാലത്ത് തീർപ്പുണ്ടാക്കിയത്. ഇത് സംബന്ധിച്ച പൊതു തീരുമാനം സ്വീകരിക്കുകയും ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്യും.