കെട്ടിട നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്
1. കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തും. ഈ വ്യവസ്ഥ കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി വർഷങ്ങളായുണ്ട്. അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 25% പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75% വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. അതേ ഉടമസ്ഥന്റെ പേരിലായിരിക്കണം ഭൂമി, നിർമ്മാണം നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം ഈ ഭൂമി, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൌകര്യമുണ്ടായിരിക്കണം, കാർ പാർക്കിംഗിനായി ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല എന്നും മറ്റാർക്കും കൈമാറില്ല എന്നും ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മിൽ കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഈ ഇളവ് നടപ്പിലാക്കുന്നത്. നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ തീരുമാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2. ടർഫുകളെ നിലവിൽ അസംബ്ലി ഒക്കുപ്പൻസിയിലാണ് നിലവിൽ പരിഗണിക്കുന്നത്. അതായത് ഒരു ഓഡിറ്റോറിയത്തിന് തുല്യമായ പാർക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടർഫുകൾക്ക് ഇത്രയും പാർക്കിംഗ് ആവശ്യമില്ല. അതിനാൽ ഇത്തരം ടർഫുകൾക്ക് പാർക്കിംഗിന്റെ കാര്യത്തിൽ ഇളവ് നൽകും.
3. സ്കൂൾ/കോളജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ലോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിംഗ് സൌകര്യം നിലവിൽ നിയമപ്രകാരം ആവശ്യമായി വരുന്നു. ഈ പാർക്കിംഗ് നിബന്ധന ലഘൂകരിക്കും.
4. നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഒരു പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (ഉദാ. വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ…) അനുവദിച്ച പെർമ്മിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമ്മിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരും.
5. നിലവിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി 5 വർഷമാണ്. അടുത്ത 5 വർഷത്തേക്ക് കൂടി പെർമ്മിറ്റ് നീട്ടുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. പിന്നീടും പെർമ്മിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കിൽ സങ്കീർണമായ നടപടികൾ ആവശ്യമായി വരുന്നു. അതിനാൽ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി 5 വർഷത്തേക്ക് കൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ പെർമ്മിറ്റ് കാലാവധി നീട്ടുന്നതിനുള്ള സൌകര്യം ഒരുക്കും.
6. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതു സൗകര്യങ്ങൾ ഇതു വഴി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമ്മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയൽ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമ്മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവർക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങൾ ഭേദഗതി ചെയ്യും.
7. നിലവിൽ കെട്ടിട നിർമ്മാണ പെർമ്മിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാ തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏർപ്പെടുത്തുന്ന കാര്യം നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.