കേരളത്തിന്റെ മാലിന്യ സംസ്കരണ മാതൃകകൾ പഠിക്കാൻ പശ്ചിമബംഗാൾ ഉന്നത ഉദ്യോഗസ്ഥ സംഘം
സംസ്ഥാനം നടപ്പിലാക്കുന്ന അജൈവമാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ പശ്ചിമ ബംഗാൾ ഉന്നത ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി. സ്വച്ഛ്ഭാരത് പശ്ചിമബംഗാൾ മിഷൻ ഡയറക്ടർ സൻതോഷ് ജി.ആർ, പീജുയ്ഷ് കാന്തി ഗോസ്വാമി എന്നിവരാണ് സന്ദർശനം നടത്തിയത്. സംസ്ഥാനത്തെ അജൈവമാലിന്യ സംസ്ക്കരണത്തിൽ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്ന ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. അജൈവമാലിന്യ സംസ്ക്കരണത്തിൽ ഹരിതകർമ്മ സേനകളുടെ ശേഖരണ രീതി, മിനി എംസിഎഫുകളുടെ പ്രവർത്തനം, എംസിഎഫുകളുടെ പ്രവർത്തനം, തരംതിരിക്കൽ പ്രവർത്തനങ്ങൾ, ആർആർഎഫുകളുടെ പ്രവർത്തനം, ഷ്രഡ്ഡഡ് പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനായി ക്ലീൻ കേരള കമ്പനി അവസരം ഒരുക്കി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോട്ടുകാൽ പഞ്ചായത്തിലെ ഹരിതകർമ്മസേനകളുടെ പ്രവർത്തനമാണ് സംഘം നേരിട്ട് കണ്ടത്. ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള യൂസർഫീ ശേഖരണം, വാതിൽപ്പടി ശേഖരണ രീതി എന്നിവ നേരിട്ട് മനസ്സിലാക്കി. തുടർന്ന് വാർഡ് തല മിനി എംസിഎഫിലേയ്ക്ക് എത്തിക്കുന്നവിധം, അവിടെ നിന്നും എംസിഎഫിൽ എത്തിച്ച് തരംതിരിക്കുന്ന വിധം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനുള്ള അവസരമൊരുക്കി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി.ആർ-ന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് മുട്ടത്തറ കമ്പനി നേരിട്ട് നടത്തുന്ന ആർആർഎഫ് യൂണിറ്റ് സന്ദർശിച്ച് കൺവെയർബെൽറ്റ് ഉപയോഗിച്ചുള്ള തരംതിരിക്കൽ പ്രവർത്തനങ്ങൾ മനസ്സിലാക്കി. തിരുവനന്തപുരം നഗരസഭയുടെ എംസിഎഫ് യൂണിറ്റും, തുമ്പൂർമൂഴി യൂണിറ്റും സംഘം സന്ദർശിച്ചു.
ഫീൽഡ് സന്ദർശനം പൂർത്തിയാക്കിയ ശേഷം ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സംസ്ഥാനത്തെ അജൈവ മാലിന്യ പരിപാലനത്തെക്കുറിച്ചും വിശദമായ ചർച്ച നടത്തി. സംസ്ഥാനം അജൈവ മാലിന്യ പരിപാലനത്തിൽ നടത്തുന്ന പദ്ധതികളിൽ സംഘം പൂർണ്ണ സംതൃപ്തി അറിയിച്ചു. മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി സംസ്ഥാനത്തിന്റെ വൈവിധ്യമാതൃകകൾ വിശദമായി ചർച്ച ചെയ്തു. രണ്ടാം ദിവസം ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കെ.എസ്.ഡബ്ല്യൂ.എം.പി, ഇംപാക്ട് കേരള തുടങ്ങി സംസ്ഥാനത്ത് മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുമായി വിശദമായ ചർച്ച നടത്തി.