സുശീലപ്പടി റെയിൽവേ മേല്പാലത്തിന് റെയിൽവേയുടെ അനുമതി
പരുതൂർകാരുടെ ചിരകാലാഭിലാഷമായ സുശീലപ്പടി റെയിൽവേ മേല്പാലത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചു . അനുമതി ലഭിക്കുന്നതിന് രണ്ടു വർഷക്കാലം തുടർച്ചയായി പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസ് മുതൽ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആസ്ഥാനം വരെ ഓരോ ഘട്ടത്തിലും തുടർച്ചയായി നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ ഫലം കണ്ടത്.
2021 സെപ്തംബറിലാണ് മേല്പാലം നിർമ്മാണത്തിന് സർക്കാർ ഉത്തരവാകുന്നത്. കിഫ്ബി മുഖേന 32.91 കോടി രൂപക്കാണ് പാലം നിർമ്മിക്കുന്നത്. അപ്രോച്ച് റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് പദ്ധതി നിർവഹണ ഏജൻസിയായ റോഡ്സ് ആൻറ് ബ്രിഡ്ജസ് ഡവലപ്മെൻറ് കോർപ്പറേഷൻ ജില്ലാ കളക്ടർക്ക് ജനുവരി മാസത്തിൽ തന്നെ കത്ത് നൽകുകയും ലാന്റ് അക്വിസിഷൻ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ നടപടികൾ പൂർത്തിയാകുന്നതോടെ പാലം നിർമ്മാണം ആരംഭിക്കാനാവും.