നഗരജീവിതത്തിൽ സേവനസഹായവുമായി കുടുംബശ്രീയുടെ ക്വിക്ക് സെർവ് പദ്ധതി
വീട്ടുജോലി, വീട്-ഓഫീസുകളുടെ ശുചീകരണം, പാചകം, കിടപ്പു രോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം തുടങ്ങി എല്ലാക്കാര്യത്തിനും സഹായവുമായി കുടുംബശ്രീയുടെ ക്വിക്ക് സെർവ് പദ്ധതി. വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ വീട്ടുജോലി, ഗൃഹശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ആധുനിക യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഗൃഹ ശുചീകരണം ഉൾപ്പെടെയുള്ള സേവനങ്ങൾ, കാർ വാഷ് എന്നിവ ഉൾപ്പെടും. മൂന്ന് മുതൽ എട്ട് പേർ വരെ അടങ്ങുന്ന അർബൻ സർവീസ് ടീമായിരിക്കും ക്വിക്ക് സെർവിന്റ നടത്തിപ്പ് ചുമതല. ഗ്രൂപ്പ് സംരംഭമായി രജിസ്റ്റർ ചെയ്യേണ്ടതിനാൽ കുടുംബശ്രീയ നഗര സിഡിഎസിൽ അംഗങ്ങളായവർക്കോ ഓക്സ്ലിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ടീം രൂപീകരിക്കാം. ക്വിക്ക് സെർവിൽ സേവനങ്ങൾ ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്തി അർബൻ സർവീസ് ടീം രജിസ്റ്റർ ചെയ്യിപ്പിച്ച ശേഷം അഞ്ച് ദിവസം നീണ്ട പരിശീലനം നൽകുന്നു. നഗരസഭ സിഡിഎസ് പ്രതിനിധികളും നഗരസഭ സെക്രട്ടറി, ജില്ലാ മിഷൻ കോഓഡിനേറ്ററുടെ പ്രതിനിധി എന്നിവരുമടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റി ക്വിക്ക് സെർവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. പരിശീലനം ലഭിച്ച ക്വിക്ക് സെർവ് സേവകർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകും.
ഒരു നഗരസഭ പരിധിയിൽ ഒരു അർബൻ സർവീസ് ടീമായിരിക്കും ഉണ്ടാകുക. സേവനങ്ങൾ ആവശ്യമുള്ളവർ അതത് നഗരസഭകളിലെ അർബൻ സർവീസ് ടീമിനെ ബന്ധപ്പെട്ട് നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടങ്ങളിൽ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ പുറത്തിറക്കും.