ലൈഫ്- ചെലവഴിച്ചത് പതിനാലായിരം കോടി, പൂർത്തിയായത് മൂന്നരലക്ഷത്തോളം വീടുകൾ
ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി 2017 മുതൽ 2023 ജൂലൈ 31 വരെ 3,48,026 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 1,17,762 വ്യക്തിഗത ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ ലൈഫ് ഭവനങ്ങളുടെ എണ്ണം 4,65,788 ആയി മാറും. ഇതിന് പുറമേ 174 യൂണിറ്റുകളുള്ള 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. കണ്ണൂർ കടമ്പൂർ, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂർ, കൊല്ലം പുനലൂർ എന്നിവിടങ്ങളിലാണ് പൂർത്തിയായി കൈമാറിയ ഭവന സമുച്ചയങ്ങൾ. ഇതോടൊപ്പം 25 ഭവനസമുച്ചയങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവിടെ 1201 യൂണിറ്റുകൾ ഉണ്ട്. ലൈഫ് പദ്ധതിക്കായി ഇതുവരെ ആകെ 13,736.1 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 2024.65 കോടി രൂപ മാത്രമാണ് ലൈഫ് പിഎംഎവൈ ഗ്രാമീൺ-അർബൻ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതമായി ലഭിച്ചത്. ആകെ ചെലവിന്റെ 14.74% മാത്രമാണ് ഇത്. ബാക്കി 11,711.45 കോടി രൂപയും(85.26%) സംസ്ഥാനം ചെലവഴിച്ചു.
ഈ സർക്കാർ വന്ന ശേഷം തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിലും എറണാകുളത്തെ നെല്ലിക്കുഴിയിലും ഭവനസമുച്ചയം നിർമ്മിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മനസോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച സ്ഥലത്താണ് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നത്. പൂവച്ചലിൽ 114 യൂണിറ്റുകളും നെല്ലിക്കുഴിയിൽ 24 യൂണിറ്റുകളുമാണ് ഒരുക്കുക. ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേനയും, ജില്ലാ തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.