മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ ആഗസ്റ്റ് 9 മുതൽ 15 വരെ
മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ ആഗസ്റ്റ് 9 മുതൽ 15 വരെ നടത്തുന്നതിന്റെ ഭാഗമായി യോഗം ചേർന്നു. കേന്ദ്ര സർക്കാരിന്റെ ‘ആസാദി കാ അമൃത് മഹോത്സവ് പദ്ധതിക്ക് കീഴിൽ പ്രാദേശികമായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ധീരരായ വ്യക്തികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിക്കും. പരിപാടികളിൽ സ്വാതന്ത്ര്യസമര സേനാനികളുടെയും രാജ്യസുരക്ഷയ്ക്കായി വീരമൃത്യു വരിച്ചവരുടെയും കുടുംബങ്ങളെ പങ്കെടുപ്പിക്കും. പഞ്ച പ്രാൺ പ്രതിജ്ഞയുടെ ഭാഗമായി രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടി എല്ലാ ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ ഗ്രാമപഞ്ചായത്തും വാസുധ വന്ദനം പരിപാടിയിൽ 75 വൃക്ഷത്തൈകൾ നടും. സ്മാരക ഫലകങ്ങൾ നിർമിക്കൽ, ദേശീയപതാക ഉയർത്തൽ പരിപാടിയുടെ പ്രചാരണത്തിനായി ഒരു പ്രത്യേക വെബ്സൈറ്റിൽ സെൽഫികൾ അപ്ലോഡ് ചെയ്യൽ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും.
എം ജി എൻ ആർ ഇ ജി എ, നെഹ്റു യുവ കേന്ദ്ര, കുടുംബശ്രീ എന്നിവരുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നടപടികൾ സ്വികരിക്കും. അടുത്തദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും ബന്ധപ്പെട്ട വകുപ്പുകളുമായി ജില്ലാതലത്തിൽ യോഗം ചേരുന്നതിനും തീരുമാനമായി.