ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ
ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പരിപാടികൾ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമായി നടത്തും.
കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകർഷിക്കുന്ന രീതിയിൽ സംസ്ഥാനതല പരിപാടികൾ ആസൂത്രണം ചെയ്യും. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കും. വകുപ്പുകൾ ഫ്ലോട്ടുകൾ തയ്യാറാക്കി അവതരിപ്പിക്കും. ഓണം മാർക്കറ്റുകൾ ഉണ്ടാകും.
പ്രത്യേകം പച്ചക്കറി ചന്തകൾ, കുടുംബശ്രീ ചന്തകൾ തുടങ്ങിയവ സംഘടിപ്പിക്കും. പച്ചക്കറി ഉൾപ്പെടെയുള്ള സാധാന സാമഗ്രികൾ പരമാവധി വിലകുറച്ച് നൽകുന്നതിനുള്ള സംവിധാനം ഒരുക്കും. വട്ടവട, കാന്തലൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വിഭവങ്ങൾ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് സമാഹരിക്കും. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും ഗുണനിലവാരം ഉറപ്പു വരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വികരിക്കും. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പ്രത്യേക പരിശോധന നടത്തും.
കലാ-സാംസ്കാരിക പരിപാടികളിൽ കഴിവുറ്റ പ്രതിഭകളെ അണിനിരത്തും. ഓണത്തിന്റെ ഒരാഴ്ച നഗരത്തിലെ പ്രധാന ഇടങ്ങളിൽ ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തും. ഓണാഘോഷം വിപുലവും ആകർഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകം യോഗം ചേർന്ന് തീരുമാനം കൈകൊള്ളുന്നതായിരിക്കും.