സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രജതജൂബിലി ആഘോഷിക്കുകയാണ്. 2022 മെയ് 17ന് തുടക്കം കുറിച്ച ഒരു വർഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷങ്ങളുടെ അർത്ഥപൂർണമായ പരിസമാപ്തി.
പെൺകരുത്തിൽ പടുത്തുയർത്തിയ സമാനതകളില്ലാത്ത വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. കേരളത്തിൻറെ ഭൂമികയിലേക്ക് ഇത്രമേൽ ആഴത്തിൽ വേരോട്ടം സാധ്യമായ ഒരേയൊരു പ്രസ്ഥാനമാണ് ഈ സ്ത്രീകൂട്ടായ്മ. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയെന്ന ഖ്യാതിയും സ്വന്തമാക്കി കഴിഞ്ഞു. യഥാർത്ഥത്തിൽ കേരളീയ സ്ത്രീസമൂഹത്തെ അടുക്കളയിൽ നിന്ന് അരങ്ങത്തെത്തിച്ച മഹാപ്രസ്ഥാനമായാണ് ചരിത്രം
കുടുബശ്രീയെ അടയാളപ്പെടുത്തുന്നത്.
ഏതൊരു രാജ്യത്തിൻറെയും വികസന സ്വപ്നങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽ ഏറ്റവും ദുർഘടമായത് ദാരിദ്ര്യമാണ്. ദാരിദ്ര്യം ഇല്ലായ്മ ചെയ്തു കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായത്.കുടുംബശ്രീ എന്ന സ്‌ത്രീപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് അതിനനുയോജ്യമായ രാഷ്‌ട്രീയ, സാമൂഹ്യ അടിത്തറ നിലവിലുള്ളതുകൊണ്ടാണ്. 1957ലെ ഇ എം എസ് സർക്കാരിന്റെ വികസന നയങ്ങൾ അതിൽ നിർണായകമാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. ഈ മികവിന് ഇടതുപക്ഷ ഗവൺമെന്റുകൾ വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച പരിഷ്കാരങ്ങൾക്ക് രൂപം നല്കിയ ഇടതുപക്ഷം തന്നെയാണ് ജനകീയാസൂത്രണത്തിനു തുടർച്ചയായി കുടുംബശ്രീ പ്രസ്ഥാനത്തിനും നാന്ദി കുറിച്ചത്. അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് സ്വന്തമായി തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാനും അവരെ പ്രാപ്തരാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്. ആ ദൗത്യം വിജയകരമായി നടപ്പിലാക്കാനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഗണ്യമായ സംഭാവന നല്കാനും കുടുംബശ്രീക്കു കഴിഞ്ഞു. അയൽക്കൂട്ടങ്ങളിൽ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതിൽ നിന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയൽക്കൂട്ടങ്ങൾ മാറിയിരിക്കുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായി നിലവിൽ 8029.47 കോടി രൂപയുടെ നിക്ഷേപമാണ് അയൽക്കൂട്ടങ്ങളുടേതായി ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത് എന്നറിയുമ്പോഴാണ് ഈ സംവിധാനത്തിൻറെ കരുത്ത് വ്യക്തമാകുന്നത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ഇൻഷുറന് വകുപ്പ് എന്നിവയുമായി സഹകരിച്ചു കൊണ്ട് ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കൂട്ടായ പരിശ്രമങ്ങളും ചിട്ടയോടെയുള്ള പ്രവർത്തനങ്ങളും ഇതിന് കരുത്തു പകരുന്നു.
സാമ്പത്തികശാക്തീകരണം നേടിക്കൊണ്ടു മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാകൂ എന്നതിനാൽ സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം നേടി കൊടുക്കുന്നതിൽ പ്രത്യേക പരിഗണനയാണ് നൽകുന്നത്. സ്വന്തം കാലിൽ നിൽക്കാൻ ഓരോ സ്ത്രീയെയും പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം.
നിലവിൽ കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ന് സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങൾ പ്രവർത്തിക്കുന്നു. രണ്ടു ലക്ഷത്തോളം വനിതകൾ ഇതിൽ അംഗങ്ങളാണ്. ഉൽപാദന സേവന മേഖലകളിൽ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിലൂടെയും സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനും അതുവഴി പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലും കുടുംബശ്രീ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രാദേശിക വിഭവശേഷിയും വനിതകളുടെ തൊഴിൽ വൈദഗ്ധ്യശേഷിയും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ-വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും വരുമാനലഭ്യത ഉറപ്പാക്കുന്നതിലും കുടുംബശ്രീ വിജയിച്ചിട്ടുണ്ട്. ഇതോടൊപ്പം കുടുംബശ്രീയുടെ വിവിധ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി 96864 പേർക്ക് തൊഴിൽ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിനും 72412 പേർക്ക് തൊഴിൽ നേടിക്കൊടുക്കാനും കഴിഞ്ഞു. അയൽക്കൂട്ട വനിതകളുടെ ഭൗതിക ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് സൂക്ഷ്മസംരഭ മേഖലയിലെ പ്രവർത്തനങ്ങളാണെന്ന് പറയാം.
സ്വയം തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്ന വനിതകൾക്ക് തങ്ങളുടെ കഴിവിനും അഭിരുചിക്കും നൈപുണ്യത്തിനും അനുസൃതമായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതു കൂടാതെ പൊതുഅവബോധം, സംരംഭകത്വ വികസനം, നൈപുണ്യ വികസനം എന്നിവയിൽ മികച്ച പരിശീലനവും കൂടാതെ സംരംഭകത്വ കൺസൾട്ടൻസി, പരിശീലന ഏജൻസികൾ എന്നിവയുടെ പിന്തുണയും നൽകുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും വിപണി സ്വഭാവത്തിനും സംഭവിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി സൂക്ഷ്മസംരംഭ മേഖലയെ നവീകരിക്കുന്നതിനും വൈവിദ്ധ്യമാർന്ന സംരംഭങ്ങൾ തുടങ്ങുന്നതിനും കുടുംബശ്രീ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഭക്ഷ്യോൽപാദനത്തിനൊപ്പം, കൂടുതൽ തൊഴിൽ വൈദഗ്ധ്യവും സാങ്കേതിക മികവും മുതൽമുടക്കും ആവശ്യമായി വരുന്ന നൂതന സംരംഭ മേഖലകളിലും കുടുംബശ്രീ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
കുടുംബശ്രീ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാന ലഭ്യതയും ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായി ഒ.എൻ.ഡി.സി ഡിജിറ്റൽ പ്ളാറ്റ്ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ കടന്നു കഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. കുടുംബശ്രീ ബസാർഡോട്ട്കോം (kudumbashreebazaar.com) കൂടാതെ ആമസോൺ സഹേലി, ഫ്ളിപ്കാർട്ട് എന്നിവയിലൂടെയും ഉൽപന്ന വിപണനം ഊർജിതപ്പെടുത്തുന്നു. ഇതോടൊപ്പം ദേശീയ സരസ് മേളകൾ, ഓണം, റംസാൻ, വിഷു, ക്രിസ്മസ് വിപണികളിലും കുടുംബശ്രീ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീയുടെ മുന്തിയ ഇനം ഉൽപന്നങ്ങൾ വിൽക്കുന്ന സിഗനേച്ചർ സ്റ്റോർ ആധുനികതയുടെ മുഖമുദ്രയുള്ളതാണ്.
വിവിധ വകുപ്പുകളും ഏജൻസികളുമായുള്ള സംയോജനം വഴിയും സംസ്ഥാനത്ത് നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൽ ഏറ്റവും സ്വീകാര്യത നേടിയ പദ്ധതിയാണ് ജനകീയ ഹോട്ടൽ. പൂരക പോഷകാഹാരമായ ന്യൂട്രിമിക്സ് അജൈവ മാലിന്യ സംസ്കരണത്തിനായി ഹരിതകർമ്മസേന, വനിതാ കെട്ടിട നിർമ്മാണ യൂണിറ്റുകൾ, എറൈസ് മൾട്ടി ടാസ്ക് ടീമുകൾ എന്നിവയും കുടുംബശ്രീ വിജയിപ്പിച്ച പദ്ധതികളാണ്.
സംസ്ഥാനത്ത് പൊതുഗതാഗത രംഗത്ത് വിപ്ളവാത്മകമായ മാറ്റം സൃഷ്ടിച്ച കൊച്ചി റെയിൽ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവിൽ 555 പേരാണ് ഇവിടെയുള്ളത്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമർ കെയർ സർവീസ്, ഹെൽപ് ഡെസ്ക്, കസ്റ്റമർ ഫെസിലിറ്റേഷൻ സർവീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിർമാണം, കിച്ചൺ, കാൻറീൻ, പാർക്കിങ്ങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. കുടുംബശ്രീയുടെ കീഴിലുള്ള ഫെസിലിറ്റി മാനേജ്മെൻറ് സെൻറർ മുഖേനയാണ് ഇവരുടെ നിയമനവും മേൽനോട്ടവും. കൊച്ചി റെയിൽ മെട്രോയ്ക്കു ശേഷം കൊച്ചി വാട്ടർ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെൺകരുത്താണ്. ഇതിൽ ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികൾക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേരും കുടുംബശ്രീ വനിതകൾ തന്നെ.
കാർഷിക മൃഗസംരക്ഷണ മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും വലിയ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയും കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിൽ ഇന്ന് 73168 കർഷക സംഘങ്ങളും അതിൽ 3,31,207 വനിതകൾ അംഗങ്ങളുമുണ്ട്. മൃഗസംരക്ഷണമേഖലയിൽ നടപ്പാക്കുന്ന ആട് ഗ്രാമം, ക്ഷീരസാഗരം. കേരള ചിക്കൻ പദ്ധതികൾ വഴിയും കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് വരുമാനം നേടാനും സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തരാകുന്നു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ, അഗതികൾ, നിരാലംബർ, മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി കുടുംബശ്രീ മുഖേന സാമൂഹ്യ സുരക്ഷാ മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അഗതികുടുംബങ്ങളുടെ അതിജീവന ഉപജീവന മാനസിക ആവശ്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് അവർക്ക് കരുതലും സുരക്ഷയും ഒരുക്കുന്നതിനായി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയാണ് അതിൽ ഏറ്റവും ശ്രദ്ധേയം. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് 1,57,382 അഗതി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നു. കൂടാതെ 11092 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 330 ബഡ്സ് സ്ഥാപനങ്ങളിൽ പരിശീലനവും നൽകി അവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. സംസ്ഥാനത്ത് 28528 ബാലസഭകളിൽ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും അതോടൊപ്പം വികസന പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്.
പട്ടികവർഗ മേഖലയിലെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണ്. പത്തോളം പ്രത്യേക പദ്ധതികളാണ് ഈ മേഖലയിൽ മാത്രം നടപ്പാക്കുന്നത്. നിലവിൽ സംസ്ഥാനമൊട്ടാകെ 7135 പട്ടികവർഗ അയൽക്കൂട്ടങ്ങളും അതിൽ 1.2 ലക്ഷത്തിലേറെ അംഗങ്ങളും ഉണ്ട്. അയൽക്കൂട്ടങ്ങൾ, ഊരുസമിതികൾ, പഞ്ചായത്ത് സമിതികൾ എന്നിവ മുഖേനയാണ് ഈ മേഖലയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ. പട്ടികവർഗ മേഖലയിലെ തനത് സംസ്കാരവും പൈതൃകവും നിലനിർത്തിക്കൊണ്ടുളള ഉപജീവന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ, കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് സഫല, സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കാതെ പോകുന്ന കുട്ടികൾക്കായി ബ്രിഡ്ജ് കോഴ്സ്, യുവതീയുവാക്കൾക്ക് ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയും ലഭ്യമാക്കുന്നു.
തീരദേശ മേഖലയിലെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കോസ്റ്റൽ വോളണ്ടിയർമാർ മുഖേന അയൽക്കൂട്ട രൂപീകരണവും സംരംഭകത്വ രൂപീകരണവും നടന്നു വരുന്നു.
കാസർഗോഡ് കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ‘കന്നഡ സ്പെഷ്യൽ പ്രോജക്ട്’ എന്ന പ്രത്യേക പദ്ധതിക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു. ഭാഷയിലും സംസ്കാരത്തിലും വേറിട്ടു നിൽക്കുന്ന കന്നഡ പഞ്ചായത്തുകളിലെ സ്ത്രീകളുടെ ജീവനോപാധിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് അവരുടെ വ്യക്തിത്വത്തിൻറെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പദ്ധതികളും കുടുംബശ്രീ നടത്തി വരുന്നുണ്ട്. സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, പ്രാദേശിക തലത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 19,326 വിജിലൻറ് ഗ്രൂപ്പുകൾ, 803 ജെൻഡർ റിസോഴ്സ് സെൻററുകൾ, 140 മാതൃകാ ജെൻഡർ റിസോഴ്സ് സെൻററുകൾ, 304 സ്കൂളകളിലും 70 കോളേജുകളിലും ജെൻഡർ ക്ളബ്ബുകൾ, 360 കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവ ഉൾപ്പെടെ വളരെ വിപുലമായ സംവിധാനങ്ങൾ വഴി സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിനുളള പ്രവർത്തനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്.
നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മുഖേന ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക നടപ്പാക്കിക്കൊണ്ട് അവിടുത്ത ദരിദ്ര വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും അഭയകേന്ദ്രമാവുകയാണ് കേരളത്തിൻറെ കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന നോഡൽ ഏജൻസിയും കുടുംബശ്രീയാണ്. ഇതിൽ ദേശീയ നഗര ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി തെരുവിൽ അലഞ്ഞു നടക്കുന്ന നഗരദരിദ്രർക്കായി അഭയകേന്ദ്രങ്ങളും തെരുവോര കച്ചവടക്കാർക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനായി പ്രവർത്തന മൂലധനവും തിരിച്ചറിയിൽ കാർഡും നൽകുന്നുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാർ, ലൈസൻസ് എന്നിവയടക്കം ലഭ്യമാക്കുകയും ചെയ്യുന്നു. എൻ.യു. എൽ.എം. പദ്ധതി നടത്തിപ്പിലെ മികവിന് ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ തുടർച്ചയായി ആറാം തവണയും പുരസ്ക്കാരം നേടാൻ കുടുംബശ്രീക്കായി എന്നത് ഏറെ ശ്രദ്ധേയമാണ്.
അധ്വാനത്തിലൂടെ ജീവിത പുരോഗതി കൈവരിച്ചതിനപ്പുറം പ്രതിസന്ധിഘട്ടങ്ങളിൽ സഹജീവികൾക്ക് താങ്ങും തണലുമാകാനും കുടുംബശ്രീ കൂട്ടായ്മ ഒപ്പമുണ്ടെന്നു തെളിയിച്ച അവസരങ്ങളായിരുന്നു 2018ലും 2019ലും കേരളത്തെ ആകെയുലച്ച പ്രളയവും അതിനു ശേഷം വന്ന കോവിഡ് മഹാമാരിയും. പ്രളയക്കെടുതിയിൽ ഏറെ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു കൊണ്ട് നാടിനു തുണയാകാൻ തങ്ങൾ ഒപ്പമുണ്ടെന്ന് കുടുംബശ്രീ സഹോദരിമാർ തെളിയിച്ചു. കോവിഡ് കാലത്ത് ജനകീയ ഹോട്ടൽ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കിയതിലൂടെ ഈ പെൺകൂട്ടായ്മ സമൂഹത്തിന് എല്ലാകാലത്തും മികച്ച മാതൃകയായി. സ്ത്രീ ശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്ന രാഷ്ട്രപതി ദൗപതി മുർമുവിന്റെ വാക്കുകൾ ഈ അവസരത്തിൽ സ്മരണീയമാണ്.
കുടുംബശ്രീ പ്രവർത്തനം ആരംഭിച്ച് 25 വർഷം പൂർത്തിയാകുമ്പോൾ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും ഭരണരംഗത്തെ വിവിധ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ സ്ത്രീകൾക്ക് സാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിൽ ഇന്ന് അധികാര സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുള്ള സ്ത്രീകളിലേറെയും കുടുംബശ്രീ വനിതകളാണ്. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ ലഭിച്ച അറിവും ആർജവത്വവും ആത്മവിശ്വാസവും അവരിൽ വ്യക്തമായ രാഷ്ട്രീയബോധവും ഇച്ഛാശക്തിയും വളർത്താൻ സഹായകമായതാണ് ഈ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റത്തിനു പിന്നിൽ. ഇതിലൂടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രകടമായ ദൃശ്യപരത കൈവരിക്കുന്നതിലും സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കടന്നു വരാനും സ്വന്തം കുടുംബത്തിലും അധികാര കേന്ദ്രങ്ങളിലും തീരുമാനമെടുക്കാനും നടപ്പാക്കാനും കുടുംബശ്രീ പ്രവർത്തനങ്ങൾ സ്ത്രീകളെ പ്രാപ്തരാക്കിയെന്നതാണ് ഏറെ അഭിമാനകരമായ വസ്തുത. ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിലൂടെ, സ്ത്രീശാക്തീകരണം എന്ന മഹനീയ ലക്ഷ്യം അതിൻറെ സമഗ്രതയിൽ കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.ഇന്നലെകളിലെ പ്രവർത്തന അനുഭവങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ട് അടുത്ത അഞ്ചു വർഷങ്ങളിൽ എങ്ങനെ മുന്നേറണം എന്നതിനെ കുറിച്ചും വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിൻറെ ഭാഗമായി കുടുംബശ്രീക്ക് ശക്തമായ ഒരു യുവനിരയെ കൂടി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകുകയും വിദ്യാസമ്പന്നരായ ഇവരുടെ ബൗദ്ധിക ശേഷിയും ഊർജ്ജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഷീ സ്റ്റാർട്ട്സ്’ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. മാറുന്ന വിപണി സംസ്കാരത്തിനനുസൃതമായി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും തൊഴിൽ നൈപുണ്യശേഷി വർധിപ്പിച്ചും വൈവിധ്യമാർന്ന സംരംഭങ്ങൾ തുടങ്ങാൻ യുവതികൾക്ക് അവസരമൊരുക്കുന്നതിനുള്ള പരിശീലന പരിപാടികൾക്കും ഇതോടൊപ്പം തുടക്കമായിട്ടുണ്ട്. ചെറുകിട സൂക്ഷ്മസംരംഭങ്ങളിൽ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങളുടെ അനന്ത സാധ്യതകൾ സൃഷ്ടിച്ചു കൊണ്ടും വരുമാന വർദ്ധനവിന് ആക്കം കൂട്ടുകയാണ് ലക്ഷ്യം. ഇപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചെറുതും വലുതുമായ സംരംഭങ്ങളും സംരംഭ കൂട്ടായ്മകളും ആരംഭിക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്താൻ സാധിക്കുന്നതിനൊപ്പം മറ്റുള്ളവർക്കും തൊഴിലും സുസുസ്ഥിര വരുമാനവും ലഭ്യമാക്കുന്ന തൊഴിൽ ദാതാവായും അയൽക്കൂട്ട വനിതകൾക്ക് മാറാൻ സാധിക്കും. ഇങ്ങനെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ വനിതയേയും അവരുടെ കുടുംബങ്ങളെയും നയിച്ചു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയക്ക് കരുത്തേകാനും സമഗ്രമായ ജീവിത പുരോഗതി കൈവരിക്കാൻ കേരളീയ സ്ത്രീസമൂഹത്തെ പ്രാപ്തരാക്കുകയുമാണ് കുടുംബശ്രീയുടെ ഇനിയുള്ള ലക്ഷ്യം. സ്ത്രീജീവിതത്തെ കൂടുതൽ പ്രകാശഭരിതമാക്കുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് കുടുംബശ്രീ എന്ന പ്രസ്ഥാനം.