എറണാകുളം മറൈൻഡ്രൈവിൽ ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്സ് കേരള 23- ആരംഭിച്ചു.കേരളം സമ്പൂർണ്ണ വെളിയിട വിസർജ്യരഹിത സംസ്ഥാനമായി മാറിയെങ്കിലും കക്കൂസ് മാലിന്യ സംസ്ക്കരണത്തിനുള്ള സൗകര്യമൊരുക്കുന്നതിൽ നല്ല പോരായ്മയുണ്ട്. അതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമയബന്ധിതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റി തുടങ്ങി ചിലയിടത്ത് മാത്രമാണ് നിലവിൽ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനമുള്ളത്. അതും വേണ്ടത്ര പര്യാപ്തമല്ല. സ്ഥല ലഭ്യതയാണ് ഇതിനൊരു പ്രധാന വെല്ലുവിളി. പ്ലാന്റുകൾ വരുന്നതുകൊണ്ട് പ്രത്യേകമായി ഒരു ആപത്തും വരാനില്ല. പ്ലാന്റുകൾ അല്ല മാലിന്യമാണ് തകരാർ. മാലിന്യം സംസ്ക്കരിക്കാതിരുന്നാൽ നമ്മുക്ക് തന്നെയാണ് അതിന്റെ ദോഷം. അത് മനസിലാക്കി മാലിന്യസംസ്ക്കരണത്തിൽ മുൻകൈയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മാലിന്യസംസ്ക്കരണത്തിൽ സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തണം.
കേരളത്തെ വൃത്തിയുളള സംസ്ഥാനമാക്കുന്നതിനായി ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. 2025നകം നമ്മുടെ നാടിനെ എല്ലാരീതിയിലും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിബൃഹത്തായ ക്യാമ്പയിനാണ് ആരംഭിക്കുന്നത്. മാലിന്യം ശേഖരിക്കുക, സംസ്കരിക്കുക, അതിനുള്ള സംവിധാനങ്ങൾ വർധിപ്പിക്കുക. അതോടൊപ്പം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താനുതകുന്ന പ്രവർത്തനങ്ങളും ഉണ്ടാകും. കുട്ടികളെ ഈ ക്യാമ്പയിനിന്റെ ചാലകശക്തിയാക്കി മാറ്റും.
ചെറിയ തോതിലാണെങ്കിലും ഓരോ വാർഡിലും കഴിയുന്നത്ര ഇടങ്ങൾ മാലിന്യരഹിതമാക്കണം. മുഴുവൻ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗര പ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകൾ മാലിന്യരഹിതമാക്കുക എന്നിവയാണ് ഒന്നാംഘട്ടം. തുടർന്ന് വാർഡുകൾ, പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക്, നിയമസഭാ മണ്ഡലം, ജില്ല എന്നീ ക്രമത്തിൽ സമഗ്ര മാലിന്യസംസ്കരണം ഉറപ്പാക്കും. ഓരോ തലത്തിലും മികച്ച പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനങ്ങളും അവാർഡുകളും നൽകും. ഇതിലൂടെ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന ജില്ലകൾക്ക് പ്രത്യേക പുരസ്കാരം നൽകുന്ന കാര്യവും പരിഗണിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രത്യേക ഗ്രേഡ് നൽകും. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ഗ്രീൻ ഓഡിറ്റിംഗ് സമിതികൾ രൂപികരിക്കും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പഠന – പ്രദർശന ചർച്ചാവേദിയാണ് ഗ്ലോബൽ എക്സ്പോ. മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും അവബോധവും സൃഷ്ടിക്കുന്നതിന് ഗ്ലോബൽ എക്സ്പോ ഉപകരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ഈ രംഗത്തെ വിദഗ്ധരും ഒരു കുടക്കീഴിൽ അണിനിരക്കുകയാണ്. മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനും പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സൗകര്യം പ്രയോജനപെടുത്തണം.
ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകിയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ഗ്ലോബൽ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി ആറുവരെ തുടരുന്ന എക്സ്പോയുടെ ഭാഗമായി എക്സിബിഷൻ, സെമിനാറുകൾ, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും. അതിവിശാല പവലിയനുകളിലായി മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകൾ പ്രദർശന നഗരിയിലുണ്ട്.
ഈ മേഖലയിലെ ലോകോത്തര വിദഗ്ധരെ പങ്കെടുപ്പിച്ച് പാനൽ ചർച്ചകൾ, മാലിന്യ സംസ്ക്കരണ മേഖലയിലെ നൂതനാശയങ്ങൾ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, സംരംഭക സമ്മേളനങ്ങൾ, ഹാക്കത്തോൺ, ടെക്നിക്കൽ സെഷനുകൾ, കലാ സാംസ്ക്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികൾ എക്സ്പോയിൽ പങ്കെടുക്കുന്നു.