Better support to the Local Self-Government Department in the budget

തദ്ദേശ സ്വയം ഭരണ വകുപ്പിന്‌ മികച്ച പിന്തുണ ഉറപ്പാക്കിയ ബജറ്റാണ്‌ ഇത്തവണത്തേത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിഹിതം കൂട്ടി 8828 കോടിയാക്കി. ഗ്രാമീണ-നഗര തൊഴിലുറപ്പ്‌ പദ്ധതികൾക്ക്‌ 380 കോടി നീക്കി വച്ചിട്ടുണ്ട്. തനതുഫണ്ട്‌ കുറവുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ അതിദാരിദ്ര ലഘൂകരണത്തിന്‌ 50 കോടി രൂപ ഗ്യാപ്പ്‌ ഫണ്ടായും അനുവദിച്ചു. ലൈഫ്‌ മിഷന്‌ 1436.26 കോടിയാണ്‌ ബജറ്റ്‌ വിഹിതം‌. കുടുംബശ്രീക്ക് 260 കോടി രൂപയും നീക്കിവെച്ചു.

മാലിന്യ സംസ്കരണത്തിനും വലിയ പ്രാധാന്യമാണ്‌ ബജറ്റിൽ നൽകിയിരിക്കുന്നത്‌. ഖരമാലിന്യ പരിപാലന പദ്ധതിക്ക്‌ 210 കോടിയും ശുചിത്വ കേരളം പദ്ധതിക്ക്‌ 22 കോടിയും ശുചിത്വമിഷന്‌ 25 കോടിയുമാണ്‌ വകയിരുത്തിയത്‌. ഇതിന്‌ പുറമേ നഗരങ്ങളുടെ സൗന്ദര്യവൽകരണത്തിന് പ്രാഥമിക ചെലവായി 300 കോടിയും നഗരവികസനത്തിന്‌ 1055 കോടിയും വകയിരുത്തി. നവകേരള നഗരനയത്തിന്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധരെയും ഗവേഷണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി കമ്മീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനം അതിവേഗം നഗരവത്കരിക്കുന്ന കേരളത്തിന്‌ ഗുണകരമാണ്.