ഫെബ്രുവരി 18, 19 തീയതികളിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. പ്രാദേശിക സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള സുപ്രധാന ചർച്ചാ വേദിയാകും തദ്ദേശ ദിനാഘോഷം. പ്രിൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി പ്രാദേശിക സാമ്പത്തിക വികസനം സംബന്ധിച്ച ശുപാർശകൾ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിച്ച്, സ്വന്തം വരുമാനം ഉപയോഗിച്ച് ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാനുള്ള സാഹചര്യം ഒരുക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പരമാവധി വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണം . പ്രാദേശിക സാമ്പത്തിക വികസനം സാധ്യമായാൽ സർക്കാരിനേക്കാൾ വലിയ വിഭവസ്രോതസ് ഒരുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിയും.
ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് പൂർണ്ണതോതിൽ നിലവിൽ വന്ന ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. ഈ വർഷം സ്വരാജ് ട്രോഫിക്കുള്ള മാനദണ്ഡങ്ങളും അഴിച്ചുപണിയുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തനത്തെ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തും. ഭാവിയിൽ ഇത് പ്ലാൻ ഫണ്ടുമായി ബന്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി തുകയുടെ 0.5% എല്ലാവർഷവും സർക്കാർ വർധിപ്പിക്കുന്നുണ്ട്. അത് ഇക്കുറിയും തുടരും. തദ്ദേശസ്ഥാപനങ്ങൾ സംരംഭവും തൊഴിലും ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. അതിദാരിദ്ര നിർമ്മാർജ്ജനം, പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലും, മാലിന്യ നിർമ്മാർജനം തുടങ്ങിയ ലക്ഷ്യങ്ങൾക്കാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഊന്നൽ നൽകുന്നത്. മാലിന്യസംസ്കരണ രംഗത്ത് ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ജനുവരി 26 മുതൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി 25000 സ്ഥലങ്ങൾ കൂടി മാലിന്യമുക്തമാക്കുകയാണ്.
ചാലിശ്ശേരിയിൽ ഫെബ്രുവരി 18, 19 തീയതികളിൽ നടക്കുന്ന തദ്ദേശദിനാഘോഷ പരിപാടിയ്ക്ക് മുന്നോടിയായി തൃത്താലയുടെ തനത് കലാ പരിപാടികളും ജനകീയാസൂത്രണത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചുമുള്ള പ്രദർശ്ശനം, എക്സിബിഷൻ എന്നിവ ഫെബ്രുവരി 16ന് ആരംഭിക്കും. 19ന് രാവിലെ 10 മണിക്ക് ദിനാഘോഷം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി രക്ഷാധികാരിയും തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി ചെയർമാനുമായി തദ്ദേശ ദിനാഘോഷ സംഘാടകസമിതി രൂപീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ജില്ലാ കലക്ടർ മൃൺമയി ജോഷി, കെ.ജി.പി.എ പ്രസിഡന്റ് കെ.എം. ഉഷ, കെ.ബി.പി.എ പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്ത് ചേംബർ ചെയർപേഴ്സൺ കെ.ജി രാജേശ്വരി, മുൻസിപ്പൽ ചേംബർ ചെയർമാൻ എം. കൃഷ്ണദാസ്, മേയേർസ് കൗൺസിൽ പ്രസിഡന്റ് എം. അനിൽകുമാർ എന്നിവർ വൈസ് ചെയർപേഴ്സൺമാരാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരത മുരളീധരൻ ജനറൽ കൺവീനറും പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, വർക്കിങ് കൺവീനറുമാണ്. ഗ്രീൻ പ്രോട്ടോക്കോൾ ഉൾപ്പെടെ 14 സബ്കമ്മിറ്റികളും രൂപീകരിച്ചു.