Let's celebrate the World Cup, litter-free

ലോകകപ്പ് ആഘോഷിക്കാം, മാലിന്യമുക്തമായി

ഫുട്ബോൾ ലോകകപ്പിൻറെ പ്രചാരണത്തിനായി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് അഭ്യർഥിച്ചു. ഹൈക്കോടതി വിധി പാലിക്കാൻ ഏവരും ബാധ്യസ്ഥരാണ്. ജൂലൈ ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉൽപ്പന്നങ്ങളും കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പിവിസി ഫ്ലക്സുകളും നിരോധിച്ചിട്ടുണ്ട്‌. പ്രകൃതി സൗഹൃദ പ്രചാരണ രീതികളിലേക്ക് മാറേണ്ടത് അനിവാര്യമാണ്. കോട്ടൺതുണി, പേപ്പർ അധിഷ്ഠിത പ്രിന്റിംഗ് രീതികൾക്ക് പരിഗണന നൽകാം. പിവിസി ഫ്ലക്സിന് പകരമായി പുനചംക്രമണത്തിന് സാധ്യമാകുന്ന പോളി എഥിലിൻ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള പരസ്യ പ്രചരണ മാർഗ്ഗങ്ങൾ ഉപയോഗിക്കാം. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികൾ കഴിവതും ഒഴിവാക്കണം. പോളി എഥിലീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവർ, അത് സമയബന്ധിതമായി നീക്കം ചെയ്യണം. ബോർഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന രീതിയിൽ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം. ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ബോർഡുകൾ നീക്കം ചെയ്യാനും ആരാധകർ തയ്യാറാകണം. ഫൈനൽ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോർഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കാൻ എല്ലാവരും തയ്യാറാവണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യും. ലോകകപ്പ് ആഘോഷത്തിലൂടെ മാലിന്യമുക്ത-മയക്കുമരുന്ന് വിരുദ്ധ സന്ദേശം കൂടി കൈമാറണം. ഫുട്ബോൾ കാണാനായി തയ്യാറാക്കുന്ന പൊതുവിടങ്ങളിൽ ഹരിതച്ചട്ടം പാലിക്കണം. അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് ഹരിത കർമ്മസേനയെ ഏൽപ്പിക്കാം. മയക്കുമരുന്നിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാനും സർക്കാരിൻറെ ഗോൾ ചാലഞ്ചിൽ പങ്കാളികളാകാനും ക്ലബ്ബുകളും കൂട്ടായ്മകളും ശ്രമിക്കണം.

ഹരിതച്ചട്ടം പാലിച്ച് ഫുട്ബോൾ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷൻറെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്ബോൾ കൂട്ടായ്മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും യോഗം വിളിച്ചുചേർക്കും. ജില്ലാ തലത്തിൽ കളക്ടറും തദ്ദേശ സ്ഥാപന തലത്തിൽ സെക്രട്ടറിയും ഇതിന് നേതൃത്വം നൽകും. നിരോധിത പിവിസി ഫ്ലക്സ് വസ്തുക്കൾ പ്രിൻറ് ചെയ്യുന്ന സ്ഥലങ്ങളിൽ പരിശോധനയും കർശനമാക്കും. നിലവിലുള്ള അതേ യന്ത്രസംവിധാനം ഉപയോഗിച്ചുതന്നെ കൂടുതൽ മികവോടെ പുനചംക്രമണം സാധ്യമായ പോളി എഥിലീനിൽ പ്രിൻറ് ചെയ്യാമെന്നിരിക്കെ, നിരോധിതവസ്തുക്കളിൽ പ്രിൻറ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ലോകകപ്പിൽ ഇഷ്ട ടീമുകളുടെ മത്സരം കഴിയുന്ന മുറയ്ക്ക് ഉത്തരവാദിത്തത്തോടെ ബോർഡുകൾ നീക്കം ചെയ്ത് ആരാധകർ സഹകരിക്കണം. ശുചിത്വകേരളത്തിനായി സർക്കാർ നടത്തുന്ന ഇടപെടലുകൾക്കൊപ്പം അണിനിരക്കാൻ ഓരോ ആരാധകനും സന്നദ്ധരാകണം.