Guidelines for free K phone connection

സൗജന്യ കെ ഫോൺ കണക്ഷനുള്ള മാർഗനിർദേശങ്ങൾ

കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 BPL കുടുംബങ്ങളെ പ്രാരംഭഘട്ടത്തിൽ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയാറായി. ഓരോ നിയമസഭ മണ്ഡലത്തിലും 100 വീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം MLA നിർദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികവർഗ-പട്ടികജാതി ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ് ഇതിനായി പരിഗണിക്കും.

മാർഗനിർദേശങ്ങൾ

* മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ BPL വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികൾ ഉള്ളതുമായ പട്ടികവർഗ കുടുംബങ്ങൾക്കാണ് ആദ്യം പരിഗണന നൽകുക.
*BPL വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും.
*BPL വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർഥികളുള്ള പട്ടികവർഗ-പട്ടികജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന.
*BPL വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ കുടുംബങ്ങൾക്ക് പിന്നീട് പരിഗണന നൽകും.
*BPL വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.

മുൻഗണനാക്രമത്തിൽ ഈ 5 വിഭാഗത്തിലെ ഏത് വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും.