പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം നിലവിൽവന്നു
കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ നിരവധി കർഷകർക്കു തൊഴിൽ ലഭിക്കുകയും ഉയർന്ന വരുമാനം നേടുകയും ചെയ്യാം.