എക്സൈസ് സേനയുടെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 11,668കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 802 മയക്കുമരുന്ന് കേസുകളും 2425അബ്കാരി കേസുകളും 8441കേസുകള്‍ പുകയിലയുമായി ബന്ധപ്പെട്ടതുമാണ് . അബ്കാരി കേസുകളില്‍ 1988പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരും അറസ്റ്റിലായി. ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ഓണം സ്പെഷ്യല്‍ ഡ്രൈവ്. ഓണം ഡ്രൈവിന്റെ തുടര്‍ച്ചയായി നവംബര്‍ ഒന്നുവരെ നീളുന്ന മയക്കുമരുന്നിനെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവും എക്സൈസ് ആരംഭിച്ചുകഴിഞ്ഞു.
ഓണം ഡ്രൈവിന്റെ ഭാഗമായി 16,306 റെയ്ഡുകള്‍ നടത്തി, 1,46,773 വാഹനങ്ങളും പരിശോധിച്ചു. ലഹരി വസ്തുക്കള്‍ കടത്തുകയായിരുന്ന 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 525.3 കിലോ കഞ്ചാവ്, 397 കഞ്ചാവ് ചെടികള്‍, 10.5 കിലോ ഹാഷിഷ് ഓയില്‍, 796 ഗ്രാം ബ്രൗൺ ഷുഗര്‍, 113 ഗ്രാം ഹെറോയിൻ, 606.9ഗ്രാം എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. 1569.6 കിലോ അനധികൃത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചു. പുകയില കേസുകളില്‍ 16.69 ലക്ഷം രൂപ ഫൈൻ ഈടാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റര്‍ മദ്യവും അനധികൃതമായി കടത്തിയ 6832ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവും 1020 ലിറ്റര്‍ കള്ളും പിടിച്ചു. 491 ലിറ്റര്‍ സ്പിരിറ്റും ഡ്രൈവിന്റെ ഭാഗമായി പിടിച്ചിട്ടുണ്ട്. 49,929ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചിട്ടുണ്ട്. മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വിപുലമായ പരിശോധനയും ഉറപ്പാക്കിയിരുന്നു.
ലഹരി കടത്തിനെതിരെ ശക്തമായ പ്രവര്‍ത്തനമാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കാഴ്ചവെച്ചത്. മയക്കുമരുന്ന് ഉപയോഗമുള്‍പ്പെടെ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികളുമായി എക്സൈസ് വകുപ്പിന് മുന്നോട്ടുപോകേണ്ടതുണ്ട്.