ശ്രദ്ധ ക്ഷണിക്കല്‍
ശ്രീ. പി.എസ്. സുപാല്‍ എം എല്‍ എ

24.08.2022

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടം പ്രകാരം

ശ്രീ. പി.എസ്. സുപാല്‍ എം എല്‍ എ നടത്തിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കലിന്മേലുളള പ്രസ്താവന.

2005 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം മൂലം നടപ്പിലായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു കുടുംബത്തിന് 100 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തുന്നതാണെന്നും എന്നാല്‍ ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കേന്ദ്ര ഗ്രാമവികസന വകുപ്പ് 2022 ജൂലൈ 18-ാം തീയതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള നടപടികള്‍ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന വിഷയമാണ് ബഹു.എംഎല്‍എ ശ്രദ്ധ ക്ഷണിക്കല്‍ വഴി ഉന്നയിച്ചിട്ടുള്ളത്.

ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സമയം ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ 20 എണ്ണം മാത്രമേ പാടുള്ളൂ എന്നത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 2022 ആഗസ്റ്റ് 1 മുതല്‍ ഒരു ഗ്രാമപഞ്ചായത്തില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ നിലവിലുണ്ടെങ്കില്‍ അധികമായി ഒരു പ്രവൃത്തി കൂടി ആരംഭിക്കുന്നതിന് ആ ജില്ലയിലെ ജില്ലാ പ്രോഗ്രാം കോ – ഓര്‍ഡിനേറ്ററുടെ അനുമതി തേടണമെന്ന് നിഷ്കര്‍ഷിക്കുന്നു. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലെയും ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ ഗ്രാമപഞ്ചായത്തു കള്‍ ജനസംഖ്യയില്‍ വളരെ വലുതാണ്. ഓരോ ഗ്രാമപഞ്ചായത്തിലും ശരാശരി 2700 ല്‍ ഏറെ സജീവകുടുംബങ്ങള്‍ തൊഴില്‍ തേടുന്നവരായി ഉണ്ട്. തൊഴിലാളികള്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി തൊഴില്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. തൊഴിലാളികള്‍ തൊഴില്‍ ആവശ്യപ്പെടുകയും എന്നാല്‍ തൊഴില്‍ സമയബന്ധിതമായി നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലില്ലായ്മ വേതനം നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് കത്തും നിവേദനവും നല്‍കിയിട്ടുണ്ട്.

തൊഴിലാളി അവര്‍ സ്വന്തം നിലയില്‍ കൊണ്ടുവരുന്ന ഉപകരണങ്ങള്‍ക്ക് ലഭിച്ചിരുന്ന ഷാര്‍പ്പനിംഗ് ചാര്‍ജ്ജ് ഒഴിവാക്കി എന്നത്

തൊഴിലാളികള്‍ പണിസ്ഥലത്തു കൊണ്ടു വരുന്ന പണിയായുധങ്ങളുടെ വാടക നല്‍കുന്നതിനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു. ഈയിനത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ ദിവസവേതനത്തിന് ഉപരിയായി ശരാശരി 5 രൂപ വരെ ലഭിച്ചിരുന്നു. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഇപ്രകാരം നല്‍കുന്ന പണിയായുധ വാടക നിര്‍ത്തലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി ട്ടുണ്ട്. ഇത് പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പണിയായുധങ്ങളുടെ വാടക പുനഃസ്ഥാപിച്ച് ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതാണ്.

ഈ സാമ്പത്തിക വര്‍ഷം കുറഞ്ഞ തുകയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളതെന്നും അത് തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നതും

സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആകെ ചെലവഴിച്ചത് 4023.84 കോടി രൂപയാണ്. ഇതൊരു ആവശ്യാധിഷ്ഠിത പദ്ധതി ആയതിനാല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് ആനുപാതികമായിട്ടാണ് പദ്ധതി തുക ലഭിക്കേണ്ടത്. സംസ്ഥാനം തയ്യാറാക്കി സമര്‍പ്പിക്കുന്ന ലേബര്‍ ബജറ്റ് അംഗീകരിക്കുന്നതിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നത്. 2021 – 22 വര്‍ഷം ആദ്യം 7 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് കേന്ദ്രം അനുവദിച്ചു തന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ ഭാഗമായി 10 കോടി തൊഴില്‍ ദിനമായി ഉയര്‍ത്തി ലഭിക്കുകയും കേരളം യഥാര്‍ത്ഥത്തില്‍ വര്‍ഷാവസാനത്തോടെ 10.59 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 2022 – 23 വര്‍ഷത്തേക്ക് 10.32 കോടി തൊഴില്‍ ദിനങ്ങള്‍ക്കുള്ള പ്രൊപ്പോസലാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ 6 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചു ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലുറപ്പ് മേഖലയില്‍ ഇ എസ് ഐ പദ്ധതി നടപ്പാക്കണമെന്നത്.

ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തൊഴിലുടമ അവരുടെ വിഹിതം പദ്ധതിയിലേക്ക് അടയ്ക്കേണ്ടതുണ്ട്. സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത് ഗ്രാമപഞ്ചായത്തുകള്‍ ആണെങ്കിലും അവര്‍ തൊഴിലുടമകള്‍ അല്ല. പദ്ധതിയുടെ നിര്‍വ്വഹണ സംവിധാനമാണ് ഗ്രാമ പഞ്ചായത്തുകള്‍. അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനവും ഭരണ നിര്‍വ്വഹണ ചെലവുകളും കേന്ദ്രസര്‍ക്കാര്‍ ആണ് വഹിക്കുന്നത്. ആയതിനാല്‍ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തല തീരുമാനം ഉണ്ടാകേണ്ടതും തൊഴിലുടമാ വിഹിതം അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകേണ്ടതുമുണ്ട്. ആയതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്നത് പരിശോധിക്കുന്നതാണ്.

തൊഴിലുറപ്പ് മേഖലയില്‍ മിനിമം വേതനം ഉറപ്പാക്കണമെന്നത് .

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വകുപ്പ് 6(1) ന്റെ വ്യവസ്ഥകള്‍ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി തൊഴിലാളികള്‍ക്കുള്ള കൂലി നിരക്ക് വിജ്ഞാപനം ചെയ്യുന്നതും പരിഷ്ക്കരിക്കുകയും ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്. നിലവില്‍ സംസ്ഥാനത്ത് വേതനം 311 രൂപയാണ്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം വേതനനിരക്കിനേക്കാള്‍ തുലോം കുറവാണിത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ്.

തൊഴില്‍ദിനങ്ങള്‍ കുറയുന്ന പുതിയ സാഹചര്യത്തില്‍ ഫെസ്റ്റിവല്‍ അലവന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യത 50 തൊഴില്‍ ദിനങ്ങളാക്കി കുറയ്ക്കണമെന്നത്.

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. മുന്‍കാലങ്ങളില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഈ അലവന്‍സ് നല്‍കി വന്നിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കോവിഡ് കാല പ്രതിസന്ധി കൂടി കണക്കിലെടുത്ത് ആയത് 75 ദിവസം പൂര്‍ത്തീകരിച്ചവര്‍ക്കും നല്‍കുകയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 75 ദിവസവും അതിൽ കൂടുതലും തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 7,35,130 കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് 1000 രൂപ ഉത്സവ ബത്ത/പ്രത്യേക പാരിതോഷികം അനുവദിക്കുന്നതിന് എല്ലാ ട്രഷറി നിയന്ത്ര ണങ്ങളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് 73,51,30,000/- (എഴുപത്തിമൂന്ന് കോടി അൻപത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ) ധനവകുപ്പ് അനുവദിക്കുകയും സമയബന്ധിതമായി അത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഭാവിയില്‍ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൂടി ആഭിമുഖ്യത്തില്‍ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കാന്‍ സാധിക്കുമെന്നും അപ്പോള്‍ അര്‍ഹതയ്ക്കുള്ള കുറഞ്ഞ തൊഴില്‍ദിനങ്ങളില്‍ കുറവ് വരുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയും ചെയ്യാവുന്നതാണ്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി പ്രവര്‍ത്തനം ആരംഭിക്കണമെന്നത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധിയ്ക്ക് ഈ സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. ഇതിനായി കഴിഞ്ഞ വര്‍ഷം പ്രത്യേക നിയമനിര്‍മ്മാണം തന്നെ നടത്തുകയുണ്ടായി. തുടര്‍ന്ന് ചട്ടങ്ങളുടെ രൂപീകരണം നടത്തി കരട് ചട്ടങ്ങളും കരട് പദ്ധതിയും വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ക്ഷേമനിധിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താല്‍ക്കാലിക ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയോഗിച്ചിട്ടുമുണ്ട്.

 

ഓരോ ദിവസവും രാവിലെ ഹാജര്‍, പ്രവൃത്തിയുടെ ഫോട്ടോ മുതലായവ അപ് ലോഡ് ചെയ്യുന്നതിന് നേരിടുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കണമെന്നത്

തൊഴിലാളികളുടെ ഹാജര്‍ അതാത് ദിവസം രേഖപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. 20 തൊഴിലാളികളില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ഈ ആപ്പ് ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതിനാല്‍ തൊഴിലാളികള്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ മൊബൈല്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് സ്മാര്‍ട്ട് ഫോണ്‍ ആവശ്യമാണ് എന്നതും എല്ലായിടത്തും അത് ലഭ്യമല്ല എന്നതും മറ്റൊരു പ്രയാസമാണ്. മൊബൈല്‍ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുന്നുണ്ട്.

തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെന്നത്

നിലവില്‍ തൊഴിലുറപ്പ് പ്രവൃത്തിസ്ഥലത്ത് സംഭവിക്കുന്ന അപകടങ്ങ ളുടെ ഭാഗമായുള്ള ചികിത്സാചെലവ് തൊഴിലാളികള്‍ക്ക് നല്‍കി വരുന്നുണ്ട്. കൂടാതെ തൊഴിലിടങ്ങളില്‍ നടക്കുന്ന അപകടം മൂലമുള്ള മരണം, ഹൃദയാഘാതം സംഭവിച്ചുള്ള മരണം തുടങ്ങിയ അത്യാഹിതങ്ങള്‍, സ്ഥായി യായ അംഗവൈകല്യം, എന്നിവ സംഭവിക്കുന്ന പക്ഷം തൊഴിലാളിക്കോ അല്ലെങ്കില്‍ അവരുടെ അവകാശിക്കോ അതാത് സമയങ്ങളില്‍ ആം ആദ്മി ഭീമ യോജന പ്രകാരമുള്ള എക്സ് ഗ്രേഷ്യയ്ക്ക് അര്‍ഹതയുണ്ട്. 75,000 രൂപയാണ് നിലവില്‍ എക്സ് ഗ്രേഷ്യ. ഇത് ഇന്‍ഷുറന്‍സിന്റെ ഭാഗമായി നല്‍കുന്നതല്ല. പദ്ധതി ചെലവില്‍ നിന്നും വഹിക്കുന്നതാണ്. തൊഴിലാളി കള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരി നോട് ആവശ്യപ്പെടുന്നതാണ്