കുത്തകപാട്ടക്കാര്ക്ക് കോവിഡ് മൂലം അടച്ചിട്ട കാലത്ത് ഇളവ്
തദ്ദേശ സ്ഥാപനങ്ങൾ കുത്തകപാട്ടത്തിന് നല്കിയ എല്ലാ ഇനങ്ങള്‍ക്കും കോവിഡ് മൂലം അടച്ചിട്ടിരുന്ന കാലയളവിന് ആനുപാതികമായികിഴിവ് അനുവദിക്കുന്നതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് അനുവാദം നൽകി. കേരള പഞ്ചായത്ത് രാജ് / മുൻസിപ്പൽ ചട്ടങ്ങൾപ്രകാരം പൂര്‍ണമായും ലേലത്തുക അടയ്ക്കുകയും കരാര്‍ വയ്ക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ഇളവിന് യോഗ്യതയുണ്ടായിരുന്നുള്ളൂ. ഈ ചട്ടം ഇളവ് ചെയ്താണ് പുതിയ തീരുമാനം. ലേലത്തുക പൂര്‍ണമായി അടയ്ക്കാത്തവര്‍ക്കും കരാറില്‍ ഏര്‍പ്പെടാൻ പറ്റാത്തവർക്കും പുതിയ നിര്‍ദേശപ്രകാരം ഇളവിന് അര്‍ഹതയുണ്ട്. കോവിഡ് മൂലം അടച്ചിട്ടിരുന്ന കാലയളവിലെ അനുപാതം തിട്ടപ്പെടുത്തി ലേലത്തുകയിൽ കരാറുകാരന് ഇളവ് നല്‍കാനാണ് അനുമതി. കരാറുകാരന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇളവ് നല്‍കേണ്ടത്. ബസ് സ്റ്റേഷന്, കംഫോര്ട്ട് സ്റ്റേഷന് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ക്ക് ഇളവ് ബാധകമാണ്. കോവിഡ് കണക്കിലെടുത്താണ് 2020-21, 2021-22 വര്‍ഷങ്ങളില്‍ ഇളവ് അനുവദിച്ചത്. ലേലം പിടിച്ച കരാറുകാരുടെ അപേക്ഷയെതുടര്‍ന്നാണ് സര്‍ക്കാരിന്റെ അനുകൂല തീരുമാനം.