LIFE MISSION

വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ‘ലൈഫ്’ മുന്നോട്ട്

ഭവനരഹിതര്‍ ഇല്ലാത്ത കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് ‘ലൈഫ് മിഷന്‍’. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2021 മാര്‍ച്ച് 31 വരെ 2,62,131 വീടുകള്‍ ലൈഫ് മിഷന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൂര്‍ത്തിയാക്കിയതുകൂടി ഉള്‍പ്പെടുത്തി 2022 മെയ് 20 വരെ 2,95,006 വീടുകളാണ് കേരളത്തില്‍ ‘ലൈഫി’ന്റെ ഭാഗമായി യാഥാര്‍ഥ്യമായത്. അര്‍ഹരായ എല്ലാവര്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിവരുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ച് ആവിഷ്‌കരിച്ച ലൈഫ് മിഷന്‍ പദ്ധതി നിര്‍വഹണത്തില്‍ മുന്നോട്ടുവെക്കുന്നത് മികച്ച മാതൃകയാണ്.

പൂര്‍ത്തീകരിക്കാതെ കിടന്ന വീടുകളുടെ പൂര്‍ത്തീകരണം, ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി ലൈഫ് പദ്ധതി നടപ്പാക്കിയത്. അടുത്തഘട്ടം അപേക്ഷകരുടെ അര്‍ഹതാപരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്.
പദ്ധതിവഴി ഒരു ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ 1771 കോടി രൂപ 2022-23ലെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും സ്വന്തമായി സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ലൈഫ് മിഷന്‍, വീടിനൊപ്പം ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള പദ്ധതി കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയില്‍ മനുഷ്യസ്നേഹികളുടെ സംഭാവനയെന്ന നിലയില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കാന്‍ താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പദ്ധതിയും ഈ സര്‍ക്കാര്‍ വന്നശേഷം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. നിരവധി സുമനസുകള്‍ പദ്ധതിയിലേക്ക് ഭൂമി നല്‍കാന്‍ മുന്നോട്ടുവരുന്നുവെന്ന പ്രതീക്ഷയുളവാക്കുന്നതാണ്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ സമയബന്ധിതമായി മികച്ച ഏകോപനത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ലൈഫ്’. 2.95 ലക്ഷത്തോളം വീടുകളും അതിലുമേറെ ജീവിതങ്ങള്‍ക്ക് സന്തോഷവും പകര്‍ന്നുനല്‍കിയ പദ്ധതിയാണ് കൂടുതല്‍പേര്‍ക്ക് സുരക്ഷിതഭവനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുനീങ്ങുന്നത്.