തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
ബജറ്റില്‍ വകയിരുത്തിയ തുക കുറവെന്നത്
അടിസ്ഥാനരഹിതമായ പ്രചരണം
: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയ തുക മുന്‍വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസനഫണ്ട് വിഹിതമായി 8048 കോടി രൂപയും മെയിന്റനന്‍സ് ഫണ്ട് വിഹിതമായി 3005 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ട് വിഹിതമായി 1850 കോടി രൂപയും ഉള്‍പ്പെടെ 12903 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഈ ഇനങ്ങളില്‍ ആകെ ലഭിച്ചത് 12229 കോടി രൂപയായിരുന്നു. മന്ത്രി വ്യക്തമാക്കി.
ബജറ്റില്‍ വകയിരുത്തിയ തുകയില്‍ മെയിന്റനന്‍സ് ഫണ്ട് വിഹിതം പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, ജനറല്‍ പര്‍പ്പസ് ഫണ്ട് വിഹിതവും കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് ഒഴികെയുള്ള വികസന ഫണ്ട് വിഹിതവും പൂര്‍ണ്ണമായി വിഭജിച്ച് നല്‍കിയിട്ടില്ല. ബജറ്റ് വിഹിതത്തിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് വിഭജിച്ച് നല്‍കിയിട്ടുള്ളത്. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലായതുകൊണ്ടാണ് വിഹിതം പൂര്‍ണ്ണമായും വിഭജിച്ച് നല്‍കാത്തതെന്ന് മന്ത്രി വിശദീകരിച്ചു.
ആറാം സംസ്ഥാന ധനകാര്യകമ്മീഷന് ശുപാര്‍ശ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടാവുന്ന മുറയ്ക്ക് ബജറ്റ് വിഹിതം പൂര്‍ണ്ണമായി വിഭജിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി അനുവദിക്കുന്നതാണ്. 2022-23 വാര്‍ഷിക പദ്ധതിയുടെ ആസൂത്രണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.