മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാമ്പത്തികവര്‍ഷത്തെ ലേബര്‍ ബഡ്ജറ്റിന് തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ മാസ്റ്റര്‍ സര്‍ക്കുലറിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പങ്കാളിത്തമുറപ്പാക്കി ചിട്ടയോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ത്രിതല പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന സാധാരണ പ്രവൃത്തികളില്‍ നിന്നും വിഭിന്നമായി സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വര്‍ക്ക്ഷെഡുകള്‍, ഗ്രാമീണ മാര്‍ക്കറ്റുകള്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കുളങ്ങള്‍, മാലിന്യ സംസ്കരണത്തിനുള്ള കമ്പോസ്റ്റ് പിറ്റുകള്‍, ദ്രവമാലിന്യ പരിപാലനത്തിനുള്ള സോക്ക്പിറ്റുകള്‍, അജൈവ മാലിന്യ സംസ്കരണത്തിനുള്ള മിനി എം സി എഫുകള്‍, നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് മുതലായവയുടെ നിര്‍മ്മാണം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
നിര്‍മ്മാണ പ്രവൃത്തികളിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളെ വിദഗ്ധ- അര്‍ദ്ധ വിദഗ്ധ തൊഴിലാളികളായി ഉപയോഗപ്പെടുത്തും. 25 ദിവസമെങ്കിലും ജോലി ചെയ്ത 50 വയസ്സ് പ്രായമുള്ള തൊഴിലാളികള്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി വരികയാണ്. സംയോജിത പ്രകൃതിവിഭവ പരിപാലനത്തില്‍ അധിഷ്ഠിതമായ പ്രകൃതി വിഭവ സംരക്ഷണ പ്രവൃത്തികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും. പ്രളയ ദുരന്തത്തെ തുടര്‍ന്നുള്ള പുനസ്ഥാപന പ്രവൃത്തികള്‍, വ്യക്തിഗത ആസ്തികളുടെ നിര്‍മ്മാണം എ ന്നിവയോടൊപ്പം കാര്‍ഷിക ഉത്പാദനത്തിലും തൊഴിലുറപ്പ് തൊഴിലാളികള്‍ വ്യാപൃതരാവും. നീര്‍ത്തടാധിഷ്ഠിത വികസനത്തിലൂന്നിയുള്ള ഭൂവികസന ജലസംരക്ഷണ പ്രവൃത്തികളും ബഡ്ജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്തുകളില്‍ ജി ഐ എസ് അധിഷ്ഠിതമായ ആസൂത്രണ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.
വിവിധ വകുപ്പുകളുടെ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികള്‍ തുടങ്ങിയവ ഏറ്റെടുത്തുവരുന്നുണ്ട്. ഈ രീതിയില്‍ വരും വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉള്‍പ്പെടെ മറ്റു വകുപ്പുകളുടെ പദ്ധതികളുമായി സംയോജിപ്പിക്കാനുള്ള നിര്‍ദേശം നല്കി കഴിഞ്ഞു.
സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് 2022-23 വര്‍ഷത്തെ പദ്ധതി തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് ജോലി സഹായകമാവുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. കൗണ്‍സില്‍ അംഗീകരിച്ച ലേബര്‍ ബഡ്ജറ്റ് അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.