PERMIT

സ്വയം സാക്ഷ്യപ്പെടുത്തി ഏളുപ്പത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് നേടാം

ഓഫീസുകളില്‍ കയറിയിറങ്ങാതെയും വരിനിന്ന് കഷ്ടപ്പെടാതെയും സേവനങ്ങള്‍ ജനങ്ങളില്‍ എത്താന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കിയതിനെക്കുറിച്ചും നിയമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കാനെടുത്ത തീരുമാനങ്ങളെക്കുറിച്ചും ‘മികവോടെ മുന്നോട്ടി’ന്റെ മുന്‍ അധ്യായങ്ങളില്‍ വ്യക്തമാക്കിയിരുന്നല്ലോ. ഇത്തരത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട വിപ്ലവകരമായ മറ്റൊരു തീരുമാനമാണ് കെട്ടിട നിര്‍മാണ അനുമതിയുടെ കാര്യത്തില്‍ കൊണ്ടുവന്ന സ്വയംസാക്ഷ്യപ്പെടുത്തല്‍.

ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ സിംപിളായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, മതപരമായ കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പെര്‍മിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഇത് കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളിലുമാണ് ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി ഭാവിയില്‍ വ്യാപിപ്പിക്കും.

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസന്‍സികള്‍ക്ക് നഗരകാര്യ വകുപ്പില്‍ നിശ്ചിത ഫീസ് അടച്ച് എംപാനല്‍ ചെയ്യാം. തദ്ദേശ സ്വയംഭരണ അര്‍ബന്‍ വകുപ്പിന്റെ സതേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍ റീജീയണല്‍ ജോയന്റ് ഡയറക്ടര്‍മാരില്‍ നിന്നാണ് എംപാനല്‍ ലൈസന്‍സുകള്‍ നേടേണ്ടത്. ഇത്തരത്തില്‍ എം പാനല്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സികള്‍ വഴിയാണ് സ്വയം സാക്ഷ്യപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. നിര്‍മ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനല്‍ഡ് ലൈസന്‍സിക്കുമാണ്.

ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിനായി പെര്‍മിറ്റുകള്‍ നിശ്ചിത ഫോമില്‍ ലൈസന്‍സികള്‍ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ നല്‍കണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിര്‍മ്മാണ പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ള സെക്രട്ടറി ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തുടര്‍ന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റില്‍ അപേക്ഷകന്‍ തന്നെ രേഖപ്പെടുത്തിയ തീയതിയില്‍ നിര്‍മ്മാണം ആരംഭിക്കാം. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാനങ്ങളില്‍ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിര്‍മ്മാണ അപേക്ഷ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കും മറ്റു ബാധകമായ ചട്ടങ്ങള്‍ക്കും വിധേയമായിരിക്കണം. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അത് കൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പുതിയ സംവിധാനപ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിട നിര്‍മാണ അനുമതി നേടാന്‍ നിരവധി പേര്‍ മുന്നോട്ടുവന്നുതുടങ്ങി. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കൃത്യമായും സമയബന്ധിതമായും എളുപ്പത്തിലും അവരിലെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രധാനപ്പെട്ടതാണ് കെട്ടിടനിര്‍മാണത്തിനുള്ള സ്വയം സാക്ഷ്യപ്പെടുത്തല്‍.