ശുചിത്വത്തിനായി ഒന്നിക്കാം: പൊതുയിടങ്ങൾ വൃത്തിയാക്കാൻ ജനകീയ ശുചീകരണ യജ്ഞം
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലും പൊതുശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ജനകീയ ശുചീകരണ യജ്ഞം ആരംഭിക്കുന്നു.തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ 2025 നവംബർ മാസം വരെയാണ്. ഓരോ മാസവും ഒരു ദിവസം പൊതുയിടങ്ങളിലും സ്ഥാപനങ്ങളിലും ശുചിത്വ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാന-ജില്ലാതലങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ വൃത്തിയായി പരിപാലിക്കുന്ന സംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയ്ക്ക് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകും.
ജൂലൈ 19 മുതൽ ജനകീയ ശുചീകരണം യജ്ഞം ആരംഭിക്കും. പൊതുസ്ഥലങ്ങളുടെ ശുചീകരണം മൂന്നാം ശനിയാഴ്ചകളിലും സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ ശുചീകരണം മൂന്നാമത്തെ വെള്ളിയാഴ്ചകളിലും നടക്കും. പ്രാദേശിക ക്ലബ്ബുകൾ, വായനശാലകൾ, റെസിഡൻസ്-വെൽഫെയർ അസോസിയേഷനുകൾ, രാഷ്ട്രീയ സംഘടനകൾ, മത-സാമുദായിക സംഘടനകൾ, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങി എല്ലാ ബഹുജന സന്നദ്ധ സംഘടകളെയും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തണം.
ശുചീകരിക്കുന്ന സ്ഥലങ്ങൾ ഭരണസമിതി ഓരോ മാസവും ആദ്യയോഗത്തിൽ തെരഞ്ഞെടുക്കും. ജനകീയശുചിത്വസമിതികളുടെ പ്രവർത്തനം വിപുലീകരിക്കും. നവംബർ മാസംവരെ ഈ പ്രവർത്തനം തുടരും. വൃത്തിയാക്കിയ പ്രദേശങ്ങളുടെ തുടർപരിപാലനം, സൗന്ദര്യവത്കരണം എന്നിവയും ജനകീയ സമിതികളെ ഏല്പിക്കണം. സ്ഥാപനങ്ങളിലെ ക്ലീനിങ്ങിന് തദ്ദേശസ്ഥാപനങ്ങൾ ഉടമകളുടെ യോഗം ചേർന്ന് നിർദ്ദേശം നൽകണം. എല്ലാ സ്ഥാപനങ്ങളിലും ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ ഉണ്ടെന്നും ജൈവമാലിന്യത്തിനായി ഉറവിട സംസ്‌കരണ സംവിധാനം അംഗീകൃത ഏജൻസിക്ക് കൈമാറൽ, അജൈവമാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ എന്നിവയും ഉറപ്പുവരുത്തണം. കൊതുക് പ്രജനന കേന്ദ്രങ്ങളും വെള്ളംകെട്ടിക്കിടക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. പരിസരം ശുചിയാക്കി വലിച്ചെറിയൽ മുക്തമാക്കണം.
പൗരന്മാരെ ശുചിത്വത്തിന്റെ ഭാഗമായി മാറ്റുന്ന ഇത്തരം സംരംഭങ്ങൾ കേരളം സുസ്ഥിര വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകുന്നതിന്റെ ചുവടുവയ്പാണ്. നവംബർ മാസം വരെ നീളുന്ന ഈ ശുചീകരണ യജ്ഞം, നാടിന്റെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ പൗരബോധം ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.