വലിച്ചെറിയൽ വിരുദ്ധ വാരം സമാപിച്ചു
ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവകേരളം മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, കെ.എസ്.ഡബ്ല്യൂ.എം.പി, ആർജിഎസ്എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുവർഷത്തിൽ ജില്ലയിൽ ആരംഭിച്ച വലിച്ചെറിയൽ വിരുദ്ധ വാരം പ്രവർത്തനങ്ങൾ സമാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജനുവരി ഒന്നു മുതൽ ഏഴുവരെയായിരുന്നു വലിച്ചെറിയൽ വിരുദ്ധ വാരം ക്യാമ്പയിൻ ജില്ലയിൽ സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപന-വാർഡ് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്ന് വലിച്ചെറിയൽ മുക്തവാരവുമായി വിവിധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കിയത്. തദ്ദേശ സ്ഥാപന പരിധികളിലെ മുഴുവൻ സംഘടനകളുടെയും പങ്കാളിത്തമുറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കാനുള്ള പ്രവർത്തന പരിപാടി തയാറാക്കി ജനകീയ സമിതികളെ ചുമതലപ്പെടുത്തി. പാഴ്‌വസ്തുക്കൾ വലിച്ചെറിയുന്നതിനെതിരെ പൊതുബോധം സൃഷ്ടിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സിഗ്നേച്ചർ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. പാഴ് വസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി മാലിന്യ നിക്ഷേപം തടയാനുള്ള ഉത്തരവാദിത്തം സമീപവാസികൾക്ക് നൽകുകയും ചെയ്തു. വിവിധ വകുപ്പുകൾ, ഏജൻസികൾ, സ്‌കൂളുകൾ, അസോസിയേഷനുകൾ ക്യാമ്പയിനുമായി സഹകരിച്ചു. സർക്കാർ ഓഫിസുകൾ ജില്ലാ തലം മുതൽ പ്രാദേശിക ഓഫിസ് തല വരെ വലിച്ചെറിയിൽ വിരുദ്ധ വാരം ക്യാമ്പയിനിൽ ഓഫീസുകൾ ഹരിത ഓഫിസ് ആയി പ്രഖ്യാപിച്ചു. ജില്ലയിൽ ക്യാമ്പെയിന്റെ ഭാഗമായി 213 പരിപാടികൾ നടത്തുകയും 146 സ്ഥലങ്ങളിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. എല്ലാ ബസ് സ്റ്റാന്റുകളിലും മിഠായി കവറുകൾ, ടിക്കറ്റുകൾ വലിച്ചെറിയൽ തടയുന്നതിന് ടിക്കറ്റ് ബിന്നുകൾ സ്ഥാപിക്കും.