വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ – ക്യാമറാക്കണ്ണുകളുമായി എൻ.എസ്.എസ് വോളണ്ടിയർമാരും
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്‌കീമും (എൻ.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറാക്കണ്ണുകൾ പകർത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പ്രവർത്തനം ആവിഷ്‌കരിക്കുന്നത്.
സംസ്ഥാനത്തെ നാലായിരത്തോളം എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എൻഎസ്എസ് വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ അവ പകർത്തി 9446700800 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. ജനുവരി 15 നകം ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന എൻ.എസ്.എസ് യൂണിറ്റിന് ജില്ലാതലത്തിൽ പാരിതോഷികം നല്കും.