Wayanad rehabilitation will be implemented quickly; Micro plan major advance

വയനാട് പുനരധിവാസം വേഗത്തിൽ നടപ്പാക്കും; മൈക്രോ പ്ലാൻ പ്രധാന മുന്നേറ്റം

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം വേഗത്തിൽ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുബശ്രി മിഷൻ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവർത്തനം മേപ്പാടി എം.എസ്.എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാൻ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാൻ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്. അതിദാരിദ്ര നിർമ്മാർജ്ജനത്തിനായി കർമ്മ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുൾ പൊട്ടൽ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായി. ആറ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികൾ സൂഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കും. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകൾ ഏകോപിപ്പിച്ചത്. ഇവയുടെ പൂർത്തീകരണവും മാതൃകാപരമായിരിക്കും. ഒരുഘട്ടം മാത്രമാണ് മൈക്രോപ്ലാനിലൂടെ സാധ്യമാകുന്നത്. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ എല്ലാ ആശങ്കകളും ദുരീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായവിതരണവും മന്ത്രി നിർവ്വഹിച്ചു.

അതിവേഗം അതിജീവന മാർഗ്ഗരേഖ

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാൻ അതിജീവനത്തിന്റെ ഉദാത്തമായ ചുവടായി മാറി. ദുരന്ത ബാധിതരെ നേരിൽ കണ്ടും വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുമാണ് കുടുംബശ്രീ മിഷൻ മൈക്രോപ്ലാൻ തയ്യാറാക്കിയത്. ദേശീയാടിസ്ഥാനത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ദുരന്ത പുനരധിവാസത്തിനായി ഒരു മൈക്രോ പ്ലാൻ വളരെ വേഗം തയ്യാറാക്കിയത്. ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും മൈക്രോ പ്ലാൻ രൂപീകരണത്തിനായി പഠന വിധേയമാക്കിയിരുന്നു. ഇതെല്ലാം പ്രത്യേകമായി ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും അംഗീകാരം നേടിയാണ് പ്രാബല്യം നേടിയത്. ദുരന്തബാധിതർ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉൾപ്പെടെ മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം രേഖയാക്കുന്ന കുടുംബാധിഷ്ടിത ആസൂത്രണമാണു മൈക്രോ പ്ലാൻ. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം,ഉപജീവനം, നൈപുണി വികസനം,മാനസിക സാമൂഹിക പരിരക്ഷ തുടങ്ങിയ ആറ് മേഖലകളിൽ ദുരന്തബാധിത കുടുംബങ്ങളുടെ ആവശ്യങ്ങളെ മൈക്രോ പ്ലാനിന്റെ ഭാഗമായി സൂക്ഷ്മതലത്തിൽ വിലയിരുത്തിയിരുന്നു. ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉൾപ്പെടുത്തി ഇരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിട്ടുളളത്. ഹ്രസ്വകാലം, ഇടക്കാലം, ദീർഘ കാലം എന്നീ രീതിയിൽ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന ഉപജീവന ആവശ്യങ്ങൾ മൈക്രോ പ്ലാനിലൂടെ നിറവേറ്റും. പരിശീലനം നേടിയ 40 കുടുംബശ്രീ അംഗങ്ങളും മറ്റു വിവിധ മേഖലകളിലെ 40 അംഗങ്ങളുമാണ് ദുരന്തബാധിതർക്കിടയിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി സർവെ നടത്തിയത്. 51 ക്ലസ്റ്ററുകളായി തിരിച്ചാണ് സർവെ നടപടികൾ പൂർത്തിയാക്കിയത്. ഇതിൽ രണ്ട് ക്ലസ്റ്ററുകൾ വയനാടിന് പുറുത്തുമാണ്. സെപ്തംബർ 6 നാണ് കുടുംബതല മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി സർക്കാർ കുടുംബശ്രീയെ ചുമതലയേൽപ്പിക്കുന്നത്.

ആവശ്യങ്ങൾ പരിഗണിക്കും

ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം, മാനസിക സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോ പ്ലാനുകളാണ് കൈമാറിയത്. 5987 സേവനങ്ങൾ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4900 എണ്ണം ഹ്രസ്വകാലത്തേക്കും 1027 എണ്ണം ഇടക്കാലത്തേക്കും 60 എണ്ണം ദീർഘകാലത്തേക്കുമുള്ളതാണ്. സമഗ്രവും ആധികാരികവുമായ ഈ രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ആരോഗ്യം, ആഹാരവുവ പോഷകാഹാരവും, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യം, ഉപജീവന വായ്പാ ഇടപെടലുകൾ എന്നിങ്ങനെ 6 വിഭാഗങ്ങളിലാണ് പദ്ധതികൾ. മൈക്രോ പ്‌ളാൻ നിർവഹണത്തിലൂടെ ഇവരുടെ ജീവിതാവസ്ഥ സമഗ്രമായി മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മൈക്രോ പ്‌ളാൻ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങൾ നിലവിൽ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന് മൈക്രോ പ്‌ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതർക്ക് എത്രയും വേഗം ഉപജീവന മാർഗങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അടിയന്തിര പ്രാധാന്യം നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകൾക്ക് കീഴിൽ നിലവിലുള്ള ഹ്രസ്വകാല പദ്ധതികൾ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കിൽ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വകുപ്പുകൾക്ക് നിർദേശവും നൽകും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിർവ്വഹണ യൂണിറ്റും തുടങ്ങും.

ദുരിത മേഖലയിലെ അയൽക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കും, സമഗ്രമായി കുടുബശ്രീ കർമ്മ പദ്ധതി

ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി. ടൗൺഷിപ്പ് പൂർത്തിയാകുന്നത് വരെ ഓൺലൈനായും ഓഫ് ലൈനായും അയൽക്കൂട്ട യോഗങ്ങൾ ചേരും. എല്ലാ മാസത്തിലും എ.ഡി.എസ് തലത്തിൽ ക്ലസ്റ്റർ സംഗമം നടത്തും. മുഴുവൻ അംഗങ്ങളെയും അയൽക്കൂട്ടത്തിൽ ചേർക്കും. സാമൂഹിക മാനസിക കൗൺസിലിങ്ങ് ജൻഡർ ടീം സഹായത്തോടെ തുടരും. അയൽക്കൂട്ട അംഗങ്ങൾക്ക് പ്രത്യേക വായ്പാ പദ്ധതി ഏർപ്പെടുത്തും. ജീവൻ ദീപം, ഒരുമ ഇൻഷൂറൻസ് അനുവദിച്ച് നൽകൽ, മുണ്ടക്കൈ വാർഡിലെ അയൽക്കൂട്ടങ്ങൾക്ക് ഒന്നര ലക്ഷം രൂപ ദുരന്തലഘൂകരണ ഫണ്ട് നൽകൽ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് കുടുംബശ്രി ദുരന്തബാധിതർക്കായി കർമ്മ പദ്ധതി തയ്യാറാക്കിയത്. ബാങ്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബാങ്കിങ്ങ് സഖിമാരെ നിയോഗിക്കും. കാർഷികാനുബന്ധപദ്ധതികൾ, കാർഷിക യന്ത്രത്തിനുള്ള ധനസസഹായം, കാർഷിക അനുബന്ധ കച്ചവടസ്ഥാപനങ്ങൾ തുടങ്ങാനുള്ള ധനസഹായം, വിവിധ കൃഷിയിലുള്ള പരിശീലനം, മൃഗ സംരക്ഷണമേഖലയിലുള്ള പദ്ധതികൾ ധനസഹായങ്ങൾ എന്നിവയെല്ലാം കർമ്മ പദ്ധതിയിലുണ്ട്. സൂഷ്മ സംരംഭ മേഖലയിൽ തൊഴിൽ ആവശ്യമുള്ള 568 പേരെ സർവെയിൽ കണ്ടെത്തിയിരുന്നു. ഇവർക്കെല്ലാം പ്രാപ്യമായ പദ്ധതികളും പരിഗണനയിലുണ്ട്. വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾ, അപ്പരൽ പാർക്ക് തുടങ്ങിയവെയെല്ലാം ദുരന്തബാധിതരുടെ അതിജീവനത്തിനും ഉപജീവനത്തിനുമായി കുടുംബശ്രീ തയ്യാറാക്കിയ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.