Wayanad Landslide - 81.64 tonnes of solid waste and 106.35 kiloliters of liquid waste removed

വയനാട് ഉരുൾപൊട്ടൽ -നീക്കം ചെയ്തത് 81.64 ടൺ ഖരമാലിന്യവും, 106.35 കിലോ ലിറ്റർ ദ്രവ മാലിന്യവും

വയനാട് ദുരന്ത മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമായി ഇതുവരെ നീക്കിയത് 81.64 ടൺ ഖരമാലിന്യവും, 106.35 കിലോ ലിറ്റർ ദ്രവ മാലിന്യവും. ദുരന്തം നടന്ന ദിവസം മുതൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കാണിത്. ഖരമാലിന്യത്തിൽ 10.6 ടൺ ജൈവമാലിന്യവും, 49.47 ടൺ അജൈവ മാലിന്യവും, 0.3 ടൺ സാനിറ്ററി മാലിന്യവും, 2.64 ടൺ ബയോമെഡിക്കൽ മാലിന്യവും, 18.63 ടൺ തുണി മാലിന്യവും ഉൾപ്പെടുന്നു. ഉരുൾപൊട്ടൽ പ്രദേശത്തെയും ക്യാമ്പുകളിലെയും മാലിന്യ പ്രശ്നങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും പരിഹരിച്ച് മാലിന്യ സംസ്കരണത്തിൽ മികച്ച ഇടപെടൽ നടത്തുവാൻ സാധിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെന്ന പോലെ ദുരന്തഭൂമിയിലെ മാലിന്യസംസ്കരണത്തിലും കേരളം പുതിയ മാതൃക സൃഷ്ടിച്ചു. ഹരിതകർമ്മസേനാംഗങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമടക്കം 2850ഓളം പേർ ശുചീകരണപ്രവർത്തനത്തിൽ ഇതുവരെ പങ്കാളികളായിട്ടുണ്ട്. ശുചിത്വ മിഷന്റെയും ക്ലീൻ കേരളാ കമ്പനിയുടെയും നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ സാധിച്ചത്. ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങൾ, ശുചിമുറി മാലിന്യത്തിൻറെ ശാസ്ത്രീയമായ സംസ്കരണം, സാനിറ്ററി, ബയോ മെഡിക്കൽ മാലിന്യങ്ങളുടെ പരിപാലനം, ഹരിത ചട്ട പാലനം എന്നിവയ്ക്കായി ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ക്ലീൻ കേരള കമ്പനിയുടെയും 150 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ക്ലീൻ ഡ്രൈവുകൾ ദുരന്ത മേഖലയിലും അനുബന്ധ പ്രദേശങ്ങളിലും സംഘടിപ്പിച്ചു വരുന്നു.

ദുരന്തമേഖലയിലെയും ക്യാമ്പുകളിലെയും മാലിന്യപ്രശ്നത്തെ സമയോജിതവും ഫലപ്രദവുമായ ഇടപെടലുകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശുചിത്വമിഷനെയും ക്ലീൻ കേരളാ കമ്പനിയെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ഹരിതകർമ്മസേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും ഈ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാണ് വഹിച്ചത്. ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശത്തെ മാലിന്യം നീക്കം ചെയ്യുവാനായി ഫീൽഡ് വിസിറ്റ് ചെയ്ത് വിവര ശേഖരണം നടന്നു വരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ശുചീകരണ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു

ഓരോ മേഖലയിലെയും ഇടപെടൽ ചുവടെ ചേർക്കുന്നു

ജൈവ മാലിന്യ സംസ്കരണം
• ഇതുവരെ സംസ്കരിച്ച ജൈവ മാലിന്യം ¬¬- 10.6 ടൺ
• ജൈവ മാലിന്യ സംസ്കരണത്തിനായി ദിവസേന 3 ടൺ കപ്പാസിറ്റിയുള്ള കല്പറ്റ നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റ് ഉപയോഗപ്പെടുത്തുന്നു.
• ലൈസൻസ് ഉള്ള 3 പന്നി കർഷകർക്കും ദിവസവും മാലിന്യം കൈമാറുന്നു.
• ദിനംപ്രതിയുള്ള ജൈവമാലിന്യ ശേഖരണത്തിനായി 2 വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
• ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 38 ബിന്നുകൾ സ്ഥാപിച്ചു .
• ജൈവമാലിന്യം കൈകാര്യം ചെയ്യാൻ മാത്രം എല്ലാ ദിവസവും 50 ഹരിത കർമ്മസേനാ വളണ്ടിയർമാരാണ് സേവനം അനുഷ്ടിക്കുന്നത്.
• ക്യാമ്പുകളിലെ ഖര ജൈവ മാലിന്യ സംസ്കരണത്തിനായി 100 കിലോ കപ്പാസിറ്റിയുള്ള ഒരു കമ്പോസ്റ്റ് ടാങ്കും പുതിയതായി നിർമിച്ചു.

അജൈവ മാലിന്യ സംസ്കരണം
• ഇതുവരെ കൈമാറിയ അജൈവ മാലിന്യം – 49.47 ടൺ
• ക്ലീൻ കേരള കമ്പനി, ഗ്രീൻ വേംമ്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് അജൈവമാലിന്യം കൈമാറുന്നത്.
• മാലിന്യം ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിയുടെ താഴെപ്പറയുന്ന ഗോഡൌണുകൾ ഉപയോഗിക്കുന്നു. വരതൂർ (5000 സ്ക്വയർ ഫീറ്റ്), മേപ്പാടി (500 സ്ക്വയർ ഫീറ്റ്), മുട്ടിൽ (25000 സ്ക്വയർ ഫീറ്റ്)
• മാലിന്യം ശേഖരിക്കുന്നതിനായി പുതുതായി 4 മിനി MCF കൾ പ്രത്യേകം സ്ഥാപിച്ചു.
• അജൈവ മാലിന്യം കൈകാര്യം ചെയ്യാൻ പ്രതിദിനം 60 ഹരിത കർമ്മസേനാ വളണ്ടിയർമാർ സേവനം അനുഷ്ടിക്കുന്നു
• ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 74 ബിന്നുകൾ സ്ഥാപിച്ചു .
• അജൈവമാലിന്യ ശേഖരണത്തിനായി മാത്രം 3 വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
• അജൈവ മാലിന്യ പരിപാലനത്തിനായി കൽപ്പറ്റ നഗരസഭയുടെ MCF സംവിധാനവും ഉപയോഗപ്പെടുത്തുന്നു.
• കോഴിക്കോട് നിന്ന് പ്രത്യേക ബെയിലിംഗ് മെഷീനും ക്ലീൻ കേരളാ കമ്പനി എത്തിച്ചിട്ടുണ്ട്.

ശൗചാലയ മാലിന്യ സംസ്കരണം
• ഇതുവരെ ശാസ്ത്രീയമായി സംസ്കരിച്ച ശൗചാലയ മാലിന്യം – 106.35 കിലോ ലിറ്റർ
• ദുരന്ത മേഖലയിൽ 46 ബയോ ടോയ്‍ലറ്റുുകൾ സ്ഥാപിച്ചു
• എല്ലാ രണ്ട് മണിക്കൂർ ഇടവേളകളിലും വളണ്ടിയർമാർ ശൗചാലയം വൃത്തിയാക്കുന്നു.
• കല്പറ്റ നഗരസഭയിലെ 10 KLD കപ്പാസിറ്റിയുള്ള കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുും (FSTP), രണ്ട് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു.

സാനിറ്ററി മാലിന്യ സംസ്കരണം
• ഇതുവരെ ശാസ്ത്രീയമായി സംസ്കരിച്ച സാനിറ്ററി മാലിന്യം – 0.3 ടൺ
• സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പ്രത്യേകമായി വിതരണം ചെയ്ത ക്ലോറിൻ ഫ്രീ (യെല്ലോ കവറുകൾ) – 1950.
• നാപ്കിൻ പാഡുകളും ഡയപ്പറുകളും നിക്ഷേപിക്കുന്നതിന് 2400 Zip Lock കവറുകളും വിതരണം ചെയ്തിട്ടുണ്ട്.
• സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കമ്മ്യൂണിറ്റി ഇൻസിനറേറ്ററും, വിവിധ ക്യാമ്പുകളിൽ ഡബിൾ ചേമ്പർ ഇൻസിനറേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്
• ശേഖരിച്ച സാനിറ്ററി മാലിന്യങ്ങൾ കമ്മ്യുണിറ്റി ഇൻസിനറേറ്ററിൽ എത്തിക്കുവാൻ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

ബയോ മെഡിക്കൽ മാലിന്യ സംസ്കരണം.
• ഇതുവരെ കൈമാറിയ ബയോ മെഡിക്കൽ മാലിന്യം – 2.64 ടൺ
• ബയോ മെഡിക്കൽ മാലിന്യങ്ങൾ ആക്രി , ഇമേജ് എന്നീ സ്വകാര്യ ഏജൻസികൾക്കാണ് കൈമാറുന്നത്.
• മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

തുണി മാലിന്യ ശേഖരണം
• ഇതുവരെ ശേഖരിച്ച തുണി മാലിന്യം – 18.63 ടൺ
• ക്ലീൻ കേരള കമ്പനിക്കാണ് തുണി മാലിന്യം കൈമാറുന്നത്
• കളക്ഷൻ സെന്ററുകൾ വഴിയെത്തിയ ഉപയോഗിച്ച വസ്ത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

കെട്ടിട അവശിഷ്ടങ്ങൾ സംസ്കരിക്കാൻ ക്വാറികളുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തും
ആവശ്യമെങ്കിൽ മിക്സഡ് വെയ്സ്റ്റ് കൈകാര്യം ചെയ്യാൻ ആർഡിഎഫ് പ്ലാന്റ് എത്തിക്കും

ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ

• എല്ലാ ക്യാമ്പുകളിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഹെൽപ്പ് ഡസ്കുകളിലായി 25 പേരാണ് സേവനം അനുഷ്ഠിക്കുന്നത്.
• ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വളണ്ടിയർമാർക്ക് കൃത്യമായ സുരക്ഷാ ഉപകരണങ്ങൾ കൈമാറിയിട്ടുണ്ട്
• ഹരിത ചട്ട പാലനത്തിന്റെ ഭാഗമായി ക്യാമ്പുകളിൽ 3280 സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വിതരണം ചെയ്തിട്ടുണ്ട്.
• വിവിധ ഇടങ്ങളിലായി 385 ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
• ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ പൊതുസ്ഥലങ്ങളിൽ 32 ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.