യു.എ ലത്തീഫ് എംഎൽഎ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടി
കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019-ന്റെ ചട്ടം 74 പ്രകാരം, മൂന്നു നിലകൾ വരെയുള്ളതും, 10 മീറ്റർ വരെ ഉയരമുള്ളതുമായ ഏക കുടുംബ വാസഗൃഹങ്ങൾക്ക് മുകളിൽ ടെറസ് ഫ്ലോറിൽ നിന്ന് പരമാവധി 1.8 മീറ്റർ വരെ ഉയരത്തിൽ ഷീറ്റ്/ ചരിഞ്ഞ ടൈൽഡ് റൂഫ് നിർമ്മിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് ചുവടെപ്പറയുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി ചട്ടത്തിൽ വ്യക്തത നൽകിയിട്ടുണ്ട്.
(എ) ടെറസിന് മുകളിൽ അത്തരം അധിക നിർമ്മാണം നടത്തുന്നത് അത്തരം ടെറസുകൾക്ക് മഴയിൽ നിന്നും അധിക സംരക്ഷണത്തിനും വേണ്ടിയാകണം, അല്ലാതെ വാസയോഗ്യമായ ഉപയോഗത്തിന് വേണ്ടിയാകരുത്;
(ബി) അത്തരം അധിക മേൽക്കൂരയുള്ള ടെറസ് ഏരിയ എല്ലാ വശത്തും തുറന്നിരിക്കുകയും മതിൽ/ഗ്രിൽ/ജനൽ/ഷട്ടർ/ഏതെങ്കിലും തരത്തിലുള്ള വിഭജനം അല്ലെങ്കിൽ അതുപോലുള്ളവ ഉപയോഗിച്ച് പൂർണ്ണമായോ, ഭാഗികമായോ താഴെ പറയുന്നവ ഒഴികെ അടയ്ക്കാൻ പാടില്ലാത്തതാണ്:-
i. 1.20 മീറ്റർ വരെ ഉയരമുള്ള പാരപ്പെറ്റ് മതിൽ
ii. അത്തരം അധിക മേൽക്കൂരയെ പിന്താങ്ങുന്ന കോളങ്ങൾ
iii. ടെറസിലേക്ക് നയിക്കുന്ന സ്റ്റെയർ മുറി ഉൾപ്പെടെയുള്ള അത്തരം കെട്ടിടത്തിന്റെ ഭാഗം, ഏതെങ്കിലും,
iv. ടെറസ് ഏരിയയ്ക്ക് പൂരകമായ വാട്ടർടാങ്ക്, മഴവെള്ള സംഭരണ ക്രമീകരണങ്ങൾ എന്നിവ പോലുള്ള മറ്റ് ഘടനകൾ;
(സി) നിർബന്ധിത മുറ്റങ്ങളിലേക്കുള്ള അത്തരം അധിക മേൽക്കൂരയുടെ ഏതൊരു തള്ളലും കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം
(ഡി) അത്തരം അധിക മേൽക്കൂര ഘടന ഉൾപ്പെടെയുള്ള കെട്ടിടം, ആക്റ്റിലെ വ്യവസ്ഥകളും ബാധകമായ മറ്റേതെങ്കിലും നിയമങ്ങളും പാലിക്കേണ്ടതാണ്.
പെർമിറ്റ് ഫീസ് കണക്കാക്കുന്നതിന് ഒഴികെ, കെട്ടിടനിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് ബിൽറ്റ്-അപ് ഏരിയ കണക്കാക്കാൻ മേൽപ്പറഞ്ഞതുപോലെ അധിക മേൽക്കൂരയുള്ള ടെറസ് ഏരിയ കണക്കാക്കാൻ പാടില്ലാത്തതാണ്. ചട്ടം 74-ന്റെ പൂർണരൂപം അനുബന്ധമായി ചേർത്തിരിക്കുന്നു.
09/02/2024-ലെ സ.ഉ.(പി) നം.21/2024/തസ്വഭവ (അനുബന്ധമായി ചേർത്തിരിക്കുന്നു) പ്രകാരം പഞ്ചായത്തുകൾക്കും, 09/02/2024-ലെ സ.ഉ. (പി) നം. 20/2024/തസ്വഭവ (അനുബന്ധമായി ചേർത്തിരിക്കുന്നുെ) പ്രകാരം നഗരസഭകൾക്കും, അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള സർക്കാർ ഉത്തരവുകൾ നിലവിലുണ്ട്.
എന്നിരുന്നാലും സബ്മിഷനിൽ ഉന്നയിച്ചിരിക്കുന്ന നിർമ്മിതികൾ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കുന്നതിന് എല്ലാ ജില്ല ജോയിന്റ് ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അനുബന്ധം
ചട്ടം 74
ചില ഏക കുടുംബ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ ടെറസിന് മുകളിൽ അധിക ഷീറ്റ്/ടൈൽഡ് മേൽക്കൂര നിർമ്മാണ്.-(1)മൂന്നു നില വരെ ഉയരമുള്ളതും, പത്തു മീറ്ററിൽ കൂടാത്ത ഉയരമുള്ളതുമായ ഏക കുടുംബ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ കാര്യത്തിൽ, അത്തരം കെട്ടിടത്തിന്റെ ടെറസ് ഫ്ലോറിൽ നിന്ന് പരമാവധി 1.8 മീ. വരെ ഉയരത്തിൽ അധിക ഷീറ്റ്/ ചരിഞ്ഞ ടൈൽഡ് മേൽക്കൂര നിർമ്മിക്കുവാൻ സെക്രട്ടറിക്ക്, ടിയാൻ ഇപ്രകാരം തൃപ്തികരമെങ്കിൽ, അനുമതി നൽകാവുന്നതാണ്.
(എ) ടെറസിന് മുകളിൽ അത്തരം അധിക നിർമ്മാണം നടത്തുന്നത് അത്തരം ടെറസുകൾക്ക് മഴയിൽ നിന്നും അധിക സംരക്ഷണത്തിനും വേണ്ടിയാകണം, അല്ലാതെ വാസയോഗ്യമായ ഉപയോഗത്തിന് വേണ്ടിയാകരുത്;
(ബി) അത്തരം അധിക മേൽക്കൂരയുള്ള ടെറസ് ഏരിയ എല്ലാ വശത്തും തുറന്നിരിക്കുകയും മതിൽ/ഗ്രിൽ/ജനൽ/ഷട്ടർ/ഏതെങ്കിലും തരത്തിലുള്ള വിഭജനം അല്ലെങ്കിൽ അതുപോലുള്ളവ ഉപയോഗിച്ച് പൂർണ്ണമായോ, ഭാഗികമായോ താഴെ പറയുന്നവ ഒഴികെ അടയ്ക്കാൻ പാടില്ലാത്തതാണ്:-
(i) 1.20 മീറ്റർ വരെ ഉയരമുള്ള പാരപ്പെറ്റ് മതിൽ
(ii) അത്തരം അധിക മേൽക്കൂരയെ പിന്താങ്ങുന്ന കോളങ്ങൾ
(iii) ടെറസിലേക്ക് നയിക്കുന്ന സ്റ്റെയർ മുറി ഉൾപ്പെടെയുള്ള അത്തരം കെട്ടിടത്തിന്റെ ഭാഗം, ഏതെങ്കിലും,
(iv) ടെറസ് ഏരിയയ്ക്ക് പൂരകമായ വാട്ടർടാങ്ക്, മഴവെള്ള സംഭരണ ക്രമീകരണങ്ങൾ എന്നിവ പോലുള്ള മറ്റ് ഘടനകൾ;
(സി) നിർബന്ധിത മുറ്റങ്ങളിലേക്കുള്ള അത്തരം അധിക മേൽക്കൂരയുടെ ഏതൊരു തള്ളലും കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം
(ഡി) അത്തരം അധിക മേൽക്കൂര ഘടന ഉൾപ്പെടെയുള്ള കെട്ടിടം, ആക്റ്റിലെ വ്യവസ്ഥകളും ബാധകമായ മറ്റേതെങ്കിലും നിയമങ്ങളും പാലിക്കേണ്ടതാണ്.
(2) പെർമിറ്റ് ഫീസ് കണക്കാക്കുന്നതിന് ഒഴികെ ഈ ചട്ടങ്ങൾ അനുസരിച്ച് ബിൽറ്റ്-അപ് ഏരിയ കണക്കാക്കാൻ ഉപചട്ടം (1)ലെ അധിക മേൽക്കൂരയുള്ള അത്തരം ടെറസ് ഏരിയ കണക്കാക്കാൻ പാടില്ലാത്തതാണ്.
(3) അപേക്ഷ ഫീസും, പെർമിറ്റ് ഫീസും യഥാക്രമം ഒരു പക്കാ കെട്ടിടത്തിന്റെ ഷെഡ്യൂൾ I-ലും ഷെഡ്യൂൾ II-ലും നിഷ്ക്കർഷിക്കുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.
(4) അത്തരം അധിക മേൽക്കൂരയുടെ ഉയരം ഉൾപ്പെടെയുള്ള കെട്ടിടത്തിന്റെ ഉയരം ഒരു സാഹചര്യത്തിലും ഉയരം കൂടിയ കെട്ടിടത്തിന് യോഗ്യമാക്കാൻ പാടില്ലാത്തതാണ്.
(5) നിർബന്ധിത ക്ലിയറൻസുകൾ, അംഗീകാര സർട്ടിഫിക്കറ്റുകൾ, എൻ.ഒ.സി, സമ്മതം തുടങ്ങിയവ ഈ ചട്ടങ്ങൾ പ്രകാരമോ അല്ലെങ്കിൽ ആക്റ്റിലും മറ്റേതെങ്കിലും നിയമത്തിന് കീഴിലോ നിർമ്മിച്ച ബൈലോകൾ പ്രകാരമോ ബാധകമായ ഇടങ്ങളിലെല്ലാം ലഭ്യമാക്കേണ്ടതാണ്.
(6) മൂന്നു നിലവരെയുളളതും 10 മീറ്ററിൽ കവിയാത്ത ഉയരമുളളതുമായ ഏക കുടുംബ റസിഡൻഷ്യൽ കെട്ടിടങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വിനിയോഗഗണത്തിൽപ്പെട്ട കെട്ടിടങ്ങളുടെ ടെറസിനു മുകളിലുമുള്ള ഷീറ്റ്/ടൈൽഡ് മേൽക്കൂരയുടെ അധിക നിർമ്മാണം, മറ്റൊരു നില എന്ന രീതിയിൽ കണക്കാക്കേണ്ടതും ഈ ചട്ടങ്ങൾ അനുസരിച്ച് എല്ലാ നിർബന്ധിത ആവശ്യകതകൾ കണക്കാക്കുമ്പോൾ പരിഗണിക്കേണ്ടതുമാണ്.