Big salute Chertala

ബിഗ് സല്യൂട്ട് ചേർത്തല

ചേർത്തല കേരളത്തിനാകെ ഒരു നല്ല പാഠം സമ്മാനിച്ചിരിക്കുകയാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ശുചിമുറി മാലിന്യപ്ലാന്റ് യഥാർത്ഥ്യമായി. ഇന്ന് നാട്ടുകാർ മുഴുവൻ പങ്കെടുത്ത് ആഘോഷമായി നടന്ന ചടങ്ങിൽ അത് ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതി കേസും സമരവുമെല്ലാമായി നടക്കില്ലെന്ന് തന്നെ കരുതിയതായിരുന്നു ചേർത്തലയിലെ പ്ലാന്റ്. ആ ഘട്ടത്തിൽ ചേർത്തലയുടെ എം എൽ എ കൂടിയായ കൃഷിമന്ത്രി പി പ്രസാദിന്റെ പിന്തുണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ തേടുകയുണ്ടായി. ചേർത്തല മുൻസിപ്പാലിറ്റിയും, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുമായും സംസാരിച്ച അദ്ദേഹം അവർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇരു കൂട്ടരുടെയും സമ്മതം ലഭ്യമാക്കി. അപ്പോഴതാ സമരസമിതിയും കോടതി കേസും. സമര സമിതിക്കാരെയും മുൻസിപ്പൽ ചെയർമാൻ അടക്കമുള്ള അധികൃതരെയും തിരുവനന്തപുരത്ത് എന്റെ ഓഫീസിൽ ചർച്ചയ്ക്ക് വിളിച്ചു. നീണ്ട ചർച്ചയ്ക്കൊടുവിൽ സമരസമിതിക്കാരുടെ ആവശ്യം, മിനിസ്റ്റർ നേരിട്ട് ചേർത്തലയിൽ വന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നായിരുന്നു. ഒരു ദിവസം നിർദ്ദിഷ്ട പ്ലാന്റിന്റെ സ്ഥലത്ത് ഞാൻ ചെന്നപ്പോൾ ആയിരത്തോളം ആളുകളെ കൂട്ടിയിട്ടുണ്ട്, മുഴുവൻ ടെലിവിഷൻ ക്യാമറകളും നിരന്നുനിൽക്കുന്നു. പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത മണത്തു. സമാധാനത്തിൽ അനുനയത്തോടെ, ആശങ്കകളും എതിർപ്പുമായി വന്നവരുമായി സംസാരിച്ചു. അവരെ തിരുവനന്തപുരം മുട്ടത്തറയിലെ വലിയ പ്ലാന്റിന്റെ പ്രവർത്തനം കണ്ടുബോധ്യപ്പെടാൻ ക്ഷണിച്ചു. പ്രത്യേകം രണ്ട് വാഹനങ്ങൾ ഏർപ്പാട് ചെയ്തു, പ്രതിഷേധക്കാരെ തൊട്ടുപിന്നാലെ മുട്ടത്തറയിലെ പ്ലാന്റ് കാണാൻ കൊണ്ടുപോയി. മുട്ടത്തറയിലെ പ്ലാന്റിന്റെ പ്രവർത്തനം കണ്ടതോടെ, ഇവർക്ക് പിന്നെ ഒന്നും പറയാനില്ലെന്നായി. പിന്നെ നിർമ്മാണം ആരംഭിച്ചു. ഇപ്പോൾ പണി പൂർത്തിയായി ഉദ്ഘാടനവും നടത്തി. വസ്തുനിഷ്ഠമായി കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ (അതിനേറെ സമയമെടുക്കും എന്നത് വേറെ കാര്യം) ഇത്തരം എതിർപ്പുകളെ മറികടക്കാമെന്ന പാഠമാണ് ചേർത്തല നൽകുന്നത്.
കേരളത്തിലാകെ ഇന്ന് വളരെ അത്യാവശ്യമായിട്ടുള്ളത് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളാണ്. കാരണം, കേരളത്തിലെ പൊതുജലാശയങ്ങളിലെയും വീട്ടുകിണറുകളിലെയും കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയർന്നതാണ് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ സ്ഥിതി കൂടുതൽ ഗൗരവമുള്ളതാണ്. അതുകൊണ്ട് യഥാർത്ഥത്തിൽ ഇത്തരം പ്ലാന്റുകൾക്ക് എതിരെയല്ല സമരം ചെയ്യേണ്ടത്, ഇത്തരം പ്ലാന്റുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരങ്ങൾ ഉണ്ടാക്കേണ്ടത്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, അന്ധവിശ്വാസം പോലൊരു എതിർപ്പാണ് മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ പൊതുവിൽ, ശുചിമുറി മാലിന്യ പ്ലാന്റുകൾക്കെതിരെ പ്രത്യേകിച്ചും ഉയർന്നുവരുന്നത്. കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാനാവാത്തത് ആണിത്. ഏറെ ശ്രമകരമായ പ്രവർത്തനത്തിന് ഒടുവിലാണെങ്കിലും ചേർത്തലയിലെ പ്ലാന്റ് യാഥാർത്ഥ്യമായത് ഒരു ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്. പൂർണമായും സോളാർ ഊർജം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിലുള്ള പ്ലാന്റാണ് ചേർത്തലയിലേത് എന്ന പ്രത്യേകതയുമുണ്ട്. ആലപ്പുഴ ജില്ലയുടെ ആവശ്യത്തിന്റെ പകുതി ഈ പ്ലാന്റുകൊണ്ട് നിർവഹിക്കാനാവും. ഹൗസ്ബോട്ടുകളുടെ കക്കൂസ് മാലിന്യം വേമ്പനാട്ട് കായലിൽ തള്ളുന്ന പ്രശ്നത്തിനും വലിയ ഒരു അളവിൽ പരിഹാരം ഉണ്ടാക്കാനാവും. വേമ്പനാട്ടു കായലിനെ വൃത്തിയാക്കാൻ ഇത് സഹായിക്കും.
ഒരു എതിർപ്പ് ഉയർന്നാൽ പലപ്പോഴും ജനപ്രതിനിധികൾ നിശബ്ദത പാലിക്കാനോ, എതിർപ്പിനൊപ്പം ചേരാനോ ഉള്ള പ്രവണത കാണിക്കാറുണ്ട്. ആരെയും മുഷിപ്പിച്ച് വോട്ട് നഷ്ടപ്പെടുത്തേണ്ട എന്നത് തന്നെ കാരണം. എന്നാൽ ചേർത്തലയിലെ എം എൽ എ കൂടിയായ ബഹു. കൃഷിമന്ത്രി പി പ്രസാദ് പ്ലാന്റ് വേണമെന്ന ധീരമായ നിലപാട് എടുക്കുകയും, അതിന് വേണ്ടി തടസങ്ങൾ നീക്കാൻ അടിയുറച്ച് ഒപ്പംനിൽക്കുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർലി ഭാർഗവനും, ഒരു എതിർപ്പിനു മൂന്നിലും ഉലയാതെ ശക്തമായിത്തന്നെ നിലയുറപ്പിച്ചു. സ്ഥലം നഗരസഭയുടേത് ആണെങ്കിലും അത് നിൽക്കുന്നത് തണ്ണീർമുക്കം പഞ്ചായത്തിലാണ്. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ശശികലയും ഭരണസമിതിയും ശരിയായ നിലപാടെടുത്തു. ജില്ലാ കളക്ടർ അലക്സ് വർഗീസ്, മുൻസിപ്പൽ സെക്രട്ടറി ടി കെ സുജിത്ത്, തുടക്കം മുതൽ ഇതിന്റെ എല്ലാ പരിശ്രമങ്ങളിലും ഒപ്പമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ എന്നിവരും പ്ലാന്റ് യഥാർത്ഥ്യമാക്കുന്നതിൽ വഹിച്ച പങ്ക് പറയാതിരിക്കാൻ നിർവാഹമില്ല. തദ്ദേശ വകുപ്പിന് കീഴിലുള്ള ഇംപാക്ട് കേരള പൂർത്തിയാക്കിയ ആദ്യത്തെ പ്ലാന്റാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
ഇത് യഥാർത്ഥ്യമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇക്കാര്യങ്ങളിൽ ആശങ്കയുള്ള മറ്റു പ്രദേശങ്ങളിലുള്ളവർക്കും ചേർത്തലയിൽ വന്നുകാണാം. ആശങ്കകളും എതിർപ്പും താനെ ഇല്ലാതായിക്കോളും.