പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങൾ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടി
സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിലേക്കായി കേന്ദ്രീകൃത രീതിയില്‍ ഖര മാലിന്യങ്ങള്‍ സംസ്കരിച്ച് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലുളള മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 11.06.2018-ലെ ജി.ഒ.(എം.എസ്.)നം.82/2018/തസ്വഭവ നമ്പര്‍ പ്രകാരം ഉത്തരവായിട്ടുണ്ട്. ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തുന്ന സ്വകാര്യ പങ്കാളിയുമായി ചേര്‍ന്ന് പൂര്‍ണ്ണമായും പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും പദ്ധതിയുടെ നടത്തിപ്പിനുമുളള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സി.യെ നിയമിച്ചിട്ടുണ്ട്. പദ്ധതിയില്‍ ജില്ലയിൽ നിന്നും പങ്കെടുക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ രൂപകല്‍പന, നിര്‍മ്മാണം, പദ്ധതി നടത്തിപ്പിലേക്കാവശ്യമായ ഫണ്ട് സമാഹരണം തുടങ്ങി പൂര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തോടെ നടത്തുന്ന ടി പദ്ധതിയുടെ നടത്തിപ്പ് കാലയളവ് രണ്ടു വര്‍ഷത്തെ നിര്‍മ്മാണ കാലാവധി ഉള്‍പ്പടെ 27 വര്‍ഷമാണ്.
വീടുകളില്‍ നിന്ന് തരംതിരിച്ച് , പദ്ധതിയില്‍ പങ്കാളികളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിൽ സെക്കന്‍ഡറി കളക്ഷന്‍ പോയിന്റ്കളില്‍ എത്തിക്കുന്ന ഖരമാലിന്യങ്ങള്‍ ടി സെന്ററുകളിൽ നിന്നും പ്രത്യേകം രൂപ കല്‍പന ചെയ്ത അടച്ചുറപ്പുളള വാഹനങ്ങളില്‍ സ്വകാര്യ ഏജന്‍സി സംസ്കരണശാലയിലെത്തിച്ച് സംസ്കരിച്ച് ഊര്‍ജ്ജമാക്കി മാറ്റുന്ന വിധത്തിലാണ് ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലാ ഭരണ കൂടം നിര്‍ദ്ദേശിച്ച തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലെ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 അത്താണിക്കല്‍, വാര്‍ഡ് 19 കഴുത്തല്ലൂര്‍ എന്നിവ ഉള്‍പ്പെടുന്ന സര്‍വ്വെ നമ്പര്‍ 507/1-ല്‍ പ്പെട്ട 8 ഏക്കര്‍ (3.2376 ഹെക്ടര്‍) ഭൂമി പദ്ധതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തുകയും പ്രസ്തുത ഭൂമി ഖര മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കെ.എസ്.ഐ.ഡി.സി.ക്ക് 30 വര്‍ഷത്തേക്ക് വാര്‍ഷിക പാട്ടത്തിന് അനുവദിച്ചുകൊണ്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവാകുകയും ചെയ്തു. പ്രസ്തുത ഉത്തരവ് പ്രകാരം ടി ഭൂമി കെ.എസ്.ഐ.ഡി.സി.ക്ക് കൈമാറുന്നതിനുളള തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
200 ടണ്‍ മാലിന്യം പ്രോസസ്സിംഗ് കപ്പാസിറ്റിയുളള മലപ്പുറം ജില്ലയിയിലെ പ്ലാന്റില്‍ ജൈവ മാലിന്യങ്ങള്‍ ‘Aerobic / Anaerobic digestion’ പ്രക്രിയയിലൂടെ കംപ്രസ്സ് ബയോഗ്യാസും, വളവും ആക്കി മാറ്റുകയും അജൈവ മാലിന്യങ്ങള്‍ ആര്‍.ഡി.എഫ്. ആക്കി മാറ്റുന്നതിനും ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ടണ്‍ വേസ്റ്റ് ശേഖരിച്ച് സംസ്കരണശാലയില്‍ എത്തിച്ച് സംസ്കരിക്കുന്നതിന് നല്‍കേണ്ട ടിപ്പിങ്ങ് ഫീസിനെ അടിസ്ഥാനമാക്കിയാണ് സ്വകാര്യ പങ്കാളികള്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ടത്. മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുളള മുന്‍ പരിചയം, സാമ്പത്തിക ഭദ്രത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യ ഏജന്‍സികളെ കണ്ടെത്തുന്നത്.
ടെന്‍ഡറില്‍ പങ്കെടുക്കുന്ന സ്വകാര്യ ഏജന്‍സികളുടെ യോഗ്യതയും സാങ്കേതിക മികവും, സാമ്പത്തിക ഭദ്രതയും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ടെന്ററുകള്‍ നല്‍കുകയുളളൂ. മാത്രവുമല്ല, തെരഞ്ഞെടുക്കപ്പെട്ട ഏജന്‍സികള്‍ കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ മാനദണ്ഡങ്ങളും മുന്‍സിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് 2016-ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതുമായിരിക്കും. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലുളള മാലിന്യ സംസ്ക്കരണ പ്ലാന്റുകളാണ് ഈ പദ്ധതിയിലൂടെ നിലവില്‍ വരാന്‍ പോകുന്നത്. പദ്ധതിക്കായി നിഷ്ക്കര്‍ഷിച്ചിരിക്കുന്ന സ്ഥലം ഭാരതപ്പുഴയില്‍ നിന്നും അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ പ്രസ്തുത ജല സ്രോതസ്സ് മലിനമാകുന്നതിനുളള സാധ്യതയില്ല. വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുളളൂ.
മലപ്പുറം മുനിസിപ്പാലിറ്റിക്ക് പുറമേ പെരിന്തല്‍മണ്ണ , പൊന്നാനി , മഞ്ചേരി , തിരൂര്‍ , കോട്ടക്കല്‍ , കൊണ്ടോട്ടി , വളാഞ്ചേരി , തിരുരങ്ങാടി , പരപ്പനങ്ങാടി , താനൂര്‍ മുനിസിപ്പാലിറ്റികളെയും അതാത് കൗണ്‍സിൽ തീരുമാനത്തിന് വിധേയമായി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു.അതിനു ശേഷം കെ.എസ്.ഐ.ഡി.സി. പദ്ധതിക്കായുളള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുക അനുയോജ്യമായ കണ്‍സെഷണയര്‍ കമ്പനിയെ തിരഞ്ഞെടുക്കുക തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് , സുതാര്യമായ ടെന്‍ഡര്‍ നടപടിയിലൂടെ തിരഞ്ഞെടുക്കുന്ന കണ്‍സെഷണയര്‍ കമ്പനി സമര്‍പ്പിക്കേണ്ടതും ആയത് ടെക്നിക്കല്‍ കമ്മിറ്റി വിശദമായി പരിശോധിച്ച ശേഷമേ പദ്ധതിക്കായുളള അംഗീകാരം നല്‍കുകയുളളൂ. മാത്രമല്ല പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന കണ്‍സെഷണയര്‍ കമ്പനി പദ്ധതിക്കാവശ്യമായ വിവിധ വകുപ്പുകളില്‍ നിന്നുളള, വിശദമായ പഠനത്തിന് ശേഷമുള്ള , statutory clearance കളും ലഭ്യമാക്കേണ്ടതുണ്ട്.
പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 04.01.2024-ല്‍ പ്രമേയം പാസാക്കിയിരുന്നു.ജനങ്ങളുടെ ആശങ്ക സംബന്ധിച്ചാണ് തീരുമാനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.ഇതിന് ഉപോല്‍ബലകമായി യാതൊരു ശാസ്ത്രീയപഠന റിപ്പോര്‍ട്ടുകളും പരിശോധിച്ചതായി കാണുന്നില്ല.അതിനാല്‍ തന്നെ തീരുമാനം നിലനില്ക്കുന്നതായി കാണാന്‍ കഴിയില്ല.
സമാനമായ പദ്ധതി പാലക്കാട് ജില്ലയില്‍ വിഭാവനം ചെയ്യുകയും ആയതിന്റെ വികസനം പുരോഗമിക്കുകയുമാണ്.
2025 മാര്‍ച്ച് 30-ന് സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ ആവശ്യമായ ബോധവല്ക്കരണ പരിപാടികള്‍ നടത്തി പദ്ധതിയുടെ അനിവാര്യത ജനങ്ങളെ മനസ്സിലാക്കേണ്ടതാണെന്ന് കാണുന്നു.