The World Bank team assessed the progress

പുരോഗതി വിലയിരുത്തി ലോകബാങ്ക് സംഘം

സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്തി ലോകബാങ്ക് സംഘം. ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടത്തി. ലോകബാങ്കിന്റെ പൊതുവായ മാനദണ്ഡങ്ങൾ പ്രകാരമാണ് കെ എസ് ഡബ്ല്യൂ എം പി യുടെ പ്രവർത്തനം നിലവിൽ പുരോഗമിക്കുന്നത്. അതേസമയം കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങൾക്ക് അനുസൃതമായ ചില മാറ്റങ്ങൾ പ്രവർത്തനത്തിൽ വരുത്തുന്നത് അഭികാമ്യമാകുമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ലോകബാങ്ക് സംഘം മന്ത്രിയോട് പറഞ്ഞു. കേരളത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ലോകബാങ്കിന്റെ പിന്തുണയും സഹായവും തുടർന്നുമുണ്ടാകും. കൂടുതൽ മേഖലകളിൽ സഹകരിച്ച് മുന്നോട്ടുപോകാമെന്നാണ് പ്രതീക്ഷയെന്നും സംഘം പറഞ്ഞു. കേരളം സമ്പൂർണ മാലിന്യമുക്തമാക്കാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ലോകബാങ്ക് പിന്തുണ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും.