പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന പഠനമുറിയുടെ നിര്‍മ്മാണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അനുവദനീയ പ്രവൃത്തിയായി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം ചേര്‍ന്ന തൊഴിലുറപ്പ് സംസ്ഥാന കൗണ്‍സില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ മലപ്പുറം ജില്ലയിലെ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കാന് നടപടി സ്വീകരിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ളത്.
ഈ പശ്ചാത്തലത്തില്‍ പട്ടിക ജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള അര്‍ഹതാ മാനദണ്ഡങ്ങളും ജില്ല തിരിച്ചുള്ള പഠനമുറികളുടെ ആവശ്യകത സംബന്ധിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കും. ഈ ആസ്തി നിര്‍മ്മാണം സംബന്ധിച്ചുള്ള അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ഇത് രാജ്യത്തിന് തന്നെ മാതൃകയായ മുന്നേറ്റമായിരിക്കും.