coming back to the school yard

പടിയിറങ്ങിപ്പോയ വിദ്യാലയ മുറ്റത്തേക്ക് വീണ്ടുമെത്തുകയാണ്‌

വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിപ്പോയ വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയൽക്കൂട്ട വനിതകൾ വീണ്ടുമെത്തുകയാണ്‌. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തുവരെയാണ്‌ കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്‌. അവധി ദിനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിക്കായി സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകൾ അനുവദിച്ചിട്ടുണ്ട്. ഇത്രയും വിപുലമായ ഒരു തുടർ വിദ്യാഭ്യാസ പദ്ധതി ലോകത്തു തന്നെ അപൂർവ്വമായിരിക്കും. പരിപാടിയുടെ ഭാഗമാകുന്ന എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും ആശംസകൾ. ഈ പ്രവർത്തനം ഏറ്റെടുത്ത കുടുംബശ്രീ മിഷനെ അഭിനന്ദിക്കുകയാണ്‌.

സ്കൂൾ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ളാസ് സമയം. ആദ്യം അസംബ്ളി, ഇതിൽ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. 9:45ന്‌ ക്ലാസുകൾ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിൻറെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങൾ. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നൽകുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സൺമാരാണ് അധ്യാപകരായി എത്തുന്നത്. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതൽ ഒന്നേ മുക്കാൽ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പിരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂൾ ബാഗ്, സ്മാർട്ട് ഫോൺ, ഇയർഫോൺ എന്നിവ വിദ്യാർത്ഥിനികൾ തന്നെയാണ് കൊണ്ടു വരേണ്ടത്. താൽപര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാം. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.